നേരത്തെ പോപ് ഗായിക റിഹാന, ലെബനീസ് നടി മിയ ഖലീഫ എന്നിവര്‍ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

മുംബൈ: കര്‍ഷക പ്രക്ഷോഭത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കര്‍. നേരത്തെ പോപ് ഗായിക റിഹാന, ലെബനീസ് നടി മിയ ഖലീഫ എന്നിവര്‍ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സംഭവം അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയായതോടെയാണ് സച്ചിന്‍ തന്റെ അഭിപ്രായം ട്വിറ്ററില്‍ കുറിച്ചിട്ടത്.

സച്ചിന്‍ വ്യക്തമാക്കിയതിങ്ങനെ... ''ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണ്. എന്നാല്‍ അതിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കണം.'' സച്ചിന്‍ കുറിച്ചിട്ടു. കൂടെ ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപഗന്‍ഡ എന്നീ ഹാഷ് ടാഗുകളും സച്ചിന്‍ നല്‍കിയിട്ടുണ്ട്. 

Scroll to load tweet…

ആദ്യമായിട്ടാണ് സച്ചിന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത്. നിമിഷങ്ങള്‍ക്കകം ട്വീറ്റ് വൈറലാവുകയും ചെയ്തു. എന്തായാലും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് സച്ചിന്റെ ട്വീറ്റിന് താഴെ നിറയുന്നത്. 

നേരത്തെ കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച റിഹാനയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ബോളിവുഡ് താരം കങ്കണ പ്രതികരിച്ചത്. ''ആരും ഇതേക്കുറിച്ച് സംസാരിക്കുന്നില്ല. കാരണം അവര്‍ കര്‍ഷകരല്ല തീവ്രവാദികളാണ്. അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു. ഇതുവഴി മുറിപ്പെട്ട, ദുര്‍ബലമായ രാജ്യത്തെ ചൈനക്ക് കീഴടക്കി ചൈനീസ് കോളനികളുണ്ടാക്കാം, അമേരിക്കയെപ്പോലെ. മിണ്ടാതിരിക്കൂ, ഞങ്ങള്‍ നിങ്ങള്‍ പാവകളെപ്പോലെ രാജ്യത്തെ വില്‍ക്കുന്നില്ല.'' ഇതായിരുന്നു റിഹാനയുടെ ട്വീറ്റിനെതിരെ കങ്കണ പ്രതികരിച്ചത്.