മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിലേറ്റ ദയനീയ തോല്‍വി മറന്നേക്കുവെന്ന് ടീം ഇന്ത്യയോട് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. അടുത്ത പോരാട്ടം മെല്‍ബണിലാണെന്നും അതിനായി ഇന്ത്യ തയാറെടുക്കണമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

പേസ് ബൗളര്‍മാരുടെ സമീപകാലത്തെതന്നെ ഏറ്റവും മികച്ച പ്രകടനമാണ് അഡ്‌ലെയ്ഡില്‍ കണ്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മനോഹര ബൗളിംഗായിരുന്നു ഓസീസ് പേസര്‍മാരുടേത്. അവര്‍ എറിഞ്ഞ ലെംഗ്ത്ത് അസാമാന്യമായിരുന്നു. അതൊക്കെ മറന്ന് പോസറ്റീവായി മെല്‍ബണ്‍ ടെസ്റ്റിനെ സമീപിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. ഓരോ വ്യക്തികളും വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ അഡ്‌ലെയ്ഡിലെ തോല്‍വി ഇന്ത്യന്‍ കളിക്കാര്‍ എങ്ങനെയാണ് എടുക്കുന്നത് എന്ന് അറിയില്ല. പക്ഷെ എന്തായാലും പോസറ്റീവായി മുന്നോട്ട് പോയേ മതിയാവു.

മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്തായെങ്കിലും ഇന്ത്യന്‍ ബൗളിംഗിനെ വിലകുറച്ച് കാണാനാവില്ലെന്നും സ്മിത്ത് പറഞ്ഞു. ഷമിയും ഇഷാന്തും ഇല്ലാത്തത് തിരിച്ചടിയാണ്. പക്ഷെ, നവദീപ് സെയ്നിയെയും മുഹമ്മദ് സിറാജിനെയും പോലെ ഇന്ത്യക്ക് മികച്ച ബൗളര്‍മാരുണ്ടെന്നും സ്മിത്ത് പറഞ്ഞു.

ഈ മാസം 26ന് ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ സ്റ്റീവ് സ്മിത്താകും ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളി എന്നാണ് കരുതുന്നത്. 2010-2011ലെ ആഷസ് പരമ്പര മുതല്‍ മെല്‍ബണില്‍ കളിച്ച ഏഴ് ടെസ്റ്റില്‍ നാലു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും സ്മിത്ത് കുറിച്ചിട്ടുണ്ട്. സെഞ്ചുറികളില്‍ മൂന്നെണ്ണം അപരാജിത സെഞ്ചുറികളായിരുന്നു.