വെല്ലിംഗ്ടണ്‍: സമകാലീന ക്രിക്കറ്റില്‍ പന്തെറിയാന്‍ ബുദ്ധിമുട്ടുള്ള നാല് ബാറ്റ്സ്മാന്‍മാന്‍മാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തി ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസന്‍. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ, ക്യാപ്റ്റന്‍ വിരാട് കോലി, ഓസീസ് താരങ്ങളായ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സമിത്ത് എന്നിവര്‍ക്കെതിരെ പന്തെറിയാനാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടെന്ന് ഫെര്‍ഗൂസന്‍ സ്പോര്‍ട്സ് കീ‍ഡയ്ക്ക് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു.

ഈ നാലുപേരും ലോകോത്തര താരങ്ങളാണ്. ഇവര്‍ക്കെതിരെ പന്തെറിയുക എന്നത് അത്ര എളുപ്പമല്ല. വ്യക്തിപരമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വലിയ ആരാധകനാണ് ഞാന്‍. അസാമാന്യ കളിക്കാരനാണ് രോഹിത്തെന്നും ലോക്കി ഫെര്‍ഗൂസന്‍ പറഞ്ഞു.


രോഹിത്തിനെ തുടക്കത്തിലെ പുറത്ക്കായില്ലെങ്കില്‍ അദ്ദേഹം മത്സരം തട്ടിയെടുക്കും. പതുംക്കെയാണ് രോഹിത് തുടങ്ങുക. അതുകൊണ്ടുതന്നെ പലപ്പോഴും തുടക്കത്തില്‍ അദ്ദേഹം വലിയ ഭീഷണിയാണെന്ന് തോന്നില്ല. എന്നാല്‍ അദ്ദേഹം നിലയുറപ്പിച്ച് കഴിഞ്ഞാല്‍ വലിയ സ്കോറിലേക്ക് അദ്ദേഹം നീങ്ങും. ബൗളര്‍മാരുടെ പന്തുകളുടെ ലെംഗ്ത്ത് മനസിലാക്കാന്‍ അദ്ദേഹത്തിന് എളുപ്പത്തില്‍ കഴിയുമെന്നും ഫെര്‍ഗൂസന്‍ പറഞ്ഞു.

ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഡബിള്‍ സെഞ്ചുറി നേടിയ ഒരേയൊരു ബാറ്റ്സ്മാനാണ് രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 264 റണ്‍സും രോഹിത്തിന്റെ പേരിലാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ അഞ്ച്  സെഞ്ചുറികള്‍ നേടി രോഹിത് റെക്കോര്‍ഡിട്ടിരുന്നു.