പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ലോര്‍ഡ്‌സിനെയാണ് വേദിയായി നിശ്‌ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിയിരുന്നു

ലോര്‍ഡ്‌സ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ വേദി(WTC 2023 Final Venue) ലോര്‍ഡ്‌സ് ആയിരിക്കുമെന്ന സൂചന നല്‍കി ഐസിസി തലവന്‍(ICC Chief) ഗ്രെഗ് ബാര്‍ക്‌ലൈ(Greg Barclay). ലോര്‍ഡ്‌സില്‍ കലാശപ്പോര് സംഘടിപ്പിക്കാനാണ് ആഗ്രഹം. കൊവിഡ് ഭീതികള്‍ ഒഴിഞ്ഞതിനാല്‍ ക്രിക്കറ്റിന്‍റെ തറവാട്ടില്‍ തന്നെ ഫൈനല്‍ സംഘടിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഗ്രെഗ് ബിബിസിയോട് പറഞ്ഞു. എന്നാല്‍ ലോര്‍ഡ്‌സിനെ(Lord's Cricket Ground) ഔദ്യോഗികമായി പ്രഖ്യാപിക്കണമെങ്കില്‍ ഐസിസിക്ക് മുന്നില്‍ കടമ്പകള്‍ ബാക്കിയുണ്ട്. അടുത്ത മാസം നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനമാകാനാണ് സാധ്യത. 

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ലോര്‍ഡ്‌സിനെയാണ് ആദ്യം വേദിയായി നിശ്‌ചയിച്ചിരുന്നതെങ്കിലും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അങ്കക്കളരി മാറ്റിയിരുന്നു. ഹോട്ടല്‍ സൗകര്യവും താരങ്ങളുടെ ബയോ-ബബിളും പരിഗണിച്ച് സതാംപ്‌ടണിലാണ് ഫൈനല്‍ അരങ്ങേറിയത്. സ്റ്റേഡിയത്തിനോട് അനുബന്ധിച്ച് തന്നെ ഹോട്ടല്‍ സൗകര്യമുണ്ട് എന്നതായിരുന്നു സതാപ്‌ടണിന് നറുക്ക് വീഴാന്‍ കാരണം. ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ് പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയിരുന്നു. സ്‌കോര്‍: ഇന്ത്യ 217 & 170, ന്യൂസിലന്‍ഡ് 249 & 140/2.

ആദ്യ ഇന്നിംഗ്‌സിൽ 217 റൺസിന് ഇന്ത്യ പുറത്തായപ്പോള്‍ ആർക്കും അർധ സെഞ്ചുറിയിൽ എത്താനായില്ല. 49 റൺസെടുത്ത അജിങ്ക്യ രഹാനെ ആയിരുന്നു ടോപ് സ്‌കോറർ. രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ ബാറ്റിംഗ് ദുരന്തം ആവർത്തിച്ചു. ഇന്ത്യക്ക് എട്ട് വിക്കറ്റ് 99 റൺസിനിടെ നഷ്‌ടമായി. 41 റൺസെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തായിരുന്നു ടോപ് സ്‌കോറർ. രണ്ടാം ഇന്നിംഗ്‌സില്‍ 139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (52*), റോസ് ടെയ്‌ലര്‍ (47*) എന്നിവര്‍ പുറത്താകാതെ നിന്നു. രണ്ടിന്നിംഗ്‌സിലുമായി ഏഴ് വിക്കറ്റ് നേടിയ പേസര്‍ കെയ്ൽ ജാമീസണായിരുന്നു ഫൈനലിലെ താരം. 

'ഉമ്രാന്‍ മാലിക് ജമ്മു താവി എക്‌സ്‌പ്രസ്, പ്രത്യേകതകള്‍ ഇങ്ങനെ'; വാരിപ്പുകഴ്‌ത്തി ആകാശ് ചോപ്ര