ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. 182 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ മറികടന്ന ലക്‌നൗവിനായി 27 പന്തില്‍ 54 റണ്‍സുമായി പുറത്താവാതെ നിന്ന മുകുള്‍ ചൗധരി വിജയശില്‍പിയായി.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 182 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ലക്‌നൗ മറികടന്നത്. മുന്‍നിര തകര്‍ന്നപ്പോള്‍ 27 പന്തില്‍ 54 റണ്‍സുമായി പുറത്താവാതെ നിന്ന മുകുള്‍ ചൗധരിയാണ് ലക്‌നൗവിന്റെ വിജയശില്‍പി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ക്ക് വേണ്ടി 45 റണ്‍സെടുത്ത ആംകൃഷ് രഘുവന്‍ഷി ടോപ് സ്‌കോററായി. അജിന്‍ക്യ രഹാനെ (41), കാമറൂണ്‍ ഗ്രീന്‍ (32), റോവ്മാന്‍ പവല്‍ (39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
അവസാന മൂന്ന് ഓവറില്‍ 43 റണ്‍സാണ് ലക്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. കാര്‍ത്തിക് ത്യാഗിയെറിഞ്ഞ 18-ാം ഓവറില്‍ 13 റണ്‍സ് മുകുള്‍ നേടി. പിന്നീട് അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ വേണ്ടത് 30 റണ്‍സ്. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 19-ാം ഓവറില്‍ രണ്ട് സിക്‌സ് ഉള്‍പ്പെടെ 16 റണ്‍സ് മുകുള്‍ നേടി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 14 റണ്‍സ്. ആദ്യ പന്തില്‍ തന്നെ ആവേശ് ഖാന്‍ സിംഗിളെടുത്തു. അടുത്ത പന്തില്‍ മുകുള്‍ സിക്‌സര്‍ പായിച്ചു. അവസാന നാല് പന്തില്‍ ജയിക്കാന്‍ ഏഴ് റണ്‍സ് മാത്രം മൂന്നും നാലും പന്ത് മുകുളിന് തൊടാനായില്ല. എന്നാല്‍ അഞ്ചാം പന്തില്‍ സിക്‌സര്‍. സ്‌കോര്‍ ഒപ്പത്തിനൊപ്പം. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍. മുകുളിന് ബാറ്റില്‍ തൊടാന്‍ സാധിച്ചില്ലെങ്കിലും ലക്‌നൗ ഒരു റണ്‍ ഓടി പൂര്‍ത്തിയാക്കി ജയം ആഘോഷിച്ചു.
മുകുളിന് പുറമെ ആയുഷ് ബദോനിയാണ് (54) തിളങ്ങിയ മറ്റൊരു താരം. മിച്ചല്‍ മാര്‍ഷ് (15), എയ്ഡന്‍ മാര്‍ക്രം (22), റിഷഭ് പന്ത് (10), നിക്കോളാസ് പുരാന്‍ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. നേരത്തെ, തുടക്കത്തില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് ഫിന്‍ അലന്റെ (9) വിക്കറ്റ് നഷ്ടമായിരുന്നു. തുടര്‍ന്ന് രഹാനെ - രഘുവന്‍ഷി സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 11-ാം ഓവറില്‍ രഹാനെ പുറത്തായി. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. വൈകാതെ രഘുവന്‍ഷിയും മടങ്ങി. 33 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും അഞ്ച് ഫോറും നേടി.
റിങ്കു സിംഗിനും (4) തിളങ്ങാന്‍ കഴിയാതെ വന്നതോടെ നാലിന് 111 എന്ന നിലയിലായി കൊല്‍ക്കത്ത. പിന്നീട് ഗ്രീന്‍ - പവല്‍ സഖ്യം കൂട്ടിചേര്‍ത്ത 70 റണ്‍സാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ലക്‌നൗവിന് വേണ്ടി പ്രിന്‍സ് യാദവ്, മണിമാരന്‍ സിദ്ധാര്‍ത്ഥ്, ദിഗ്‌വേഷ് രാതി, ആവേഷ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

