റാഞ്ചി: ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍ പലതരത്തില്‍ പുറത്താവുന്നത് ആരാധകര്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ അവസാന ബാറ്റ്സ്മാനായ ലുങ്കി എന്‍ഗിഡി ഔട്ടായതുപോലൊരു പുറത്താകല്‍ അധികം കണ്ടിട്ടുണ്ടാവില്ല.

ഡീന്‍ എല്‍ഗാറിന് പകരം കണ്‍കഷന്‍ സബസ്റ്റിറ്റ്യൂട്ടായി എത്തിയ തെയൂനിസ് ഡിബ്രുയിന്‍ പുറത്തായപ്പോള്‍ പതിനൊന്നാമനായി ക്രീസിലെത്തിയ എന്‍ഡിഗി ഷഹബാല് നദീമിന്റെ നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്താനാണ് ശ്രമിച്ചത്.  പന്ത് നന്നായി കണക്ട് ചെയ്ത എന്‍ഗിഡിയുടെ ഷോട്ട് പക്ഷെ നേരെ കൊണ്ടത് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന ആന്‍‌റിച്ച് നോര്‍ജെയുടെ തോളിലായിരുന്നു.

നോര്‍ജെയുടെ ദേഹത്ത് തട്ടി തെറിച്ച പന്ത് നദീം അനായാസം കൈപ്പിടിയില്‍ ഒതുക്കിയശേഷം  ക്യാച്ചിനായി അപ്പീല്‍ ചെയ്തു. അമ്പയര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചൂണ്ടുവിരലുയര്‍ത്തയിതയോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിനും വിരാമമായി. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് വെറും 133 റണ്‍സിന് ചുരുട്ടിക്കെട്ടിയ ഇന്ത്യ ഇന്നിംഗ്സിനും 202 റണ്‍സിനും ജയിച്ച് ടെസ്റ്റ് പരമ്പര 3-0ന്  തൂത്തുവാരി.