എംഎല്‍എമാര്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്തു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

മുംബൈ: ട്വന്റി-20 ലോക കീരീടനേട്ടത്തിന്റെ ഭാഗമായ മുംബൈ താരങ്ങളെ അനുമോദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്ക് നിയമസഭയില്‍ നടന്ന ചടങ്ങില്‍ ഊഷ്മള സ്വീകരണം നല്‍കി. ഇന്ത്യന്‍ ടീമിനായി 11 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ചു. പരമ്പരാഗത വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിയമസഭാ ഹാളിലേക്ക് താരങ്ങളെ ആനയിച്ചായിരുന്നു സ്വീകരണം. 

എംഎല്‍എമാര്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്തു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മുഖ്യമന്ത്രിയുടെ വസതിയിലും മുംബൈ താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയിരുന്നു. നിയമസഭയില്‍ സംസാരിച്ച ശേഷമാണ് രോഹിത് മടങ്ങിയത്. മറാത്തിയിലാണ് രോഹിത് സംസാരിച്ചത്. വീഡിയോ കാണാം...

Scroll to load tweet…

കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടീമിനൊപ്പം ആഘോഷ പരിപാടികളില്‍ നാല് പേരും പങ്കെടുത്തിരുന്നു. ടി20 ലോകകപ്പ് കീരിടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ നടത്തിയ വിക്ടറി മാര്‍ച്ച് കാണാന്‍ പതിനായിരങ്ങളാണ് നിലയുറപ്പിച്ചത്. കനത്ത മഴയെപ്പോലും അവഗണിച്ച് രണ്ട് മണിക്കൂറോളം വൈകി തുടങ്ങിയ വിക്ടറി മാര്‍ച്ചില്‍ ജനം തടിച്ചുകൂടിയിരുന്നു.

ഇന്നലെ രാവിലെ ആറരയോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തശേഷമാണ് മുംബൈയിലെത്തിയത്. ഡല്‍ഹിയില്‍ നിന്ന് വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്ത്യന്‍ ടീമിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് അഗ്‌നിശമനസേന സ്വീകരിച്ചത്. മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ പരേഡ് നടത്തിയശേഷം വാംഖഡെയിലെത്തിയ 33000ത്തോളം ആരാധകരെ സാക്ഷി നിര്‍ത്തിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷം.