ധാക്ക: ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനുമായി അത്ര രസത്തിലല്ലെന്ന വാര്‍ത്തകള്‍ തള്ളികളഞ്ഞ് സഹതാരം മഹ്മുദുള്ള റിയാദ്. തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോയിലൂടെയാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നാണ് താരത്തിന്റെ വാദം. 

വാര്‍ത്തള്‍ക്ക് ആധാരം ഏകദിന ലോകകപ്പിനിടെയുണ്ടായ ഒരു സംഭവമാണ്. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മത്സരത്തിന് ശേഷം ശ്രീലങ്കയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ നിന്ന് മഹ്മുദുള്ളയെ ഒഴിവാക്കണമെന്ന് ഷാക്കിബ് അല്‍ ഹസല്‍ ആവശ്യപ്പെട്ടന്നായിരുന്നു വാര്‍ത്ത. ഇംഗ്ലണ്ടിനെതിരെ വലിയ ലക്ഷ്യം മുന്നില്‍ നില്‍ക്കെ മഹ്മുദുള്ള സ്‌കോറിങ്ങിന് വേഗം കൂട്ടിയില്ലെന്നും ഷാക്കിബ് പറഞ്ഞതായും ആരോപണമുണ്ടായി. അതിന് ശേഷം ഇരുവരും അത്ര രസത്തിലല്ലെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ എല്ലാം തള്ളികളഞ്ഞിരിക്കുകയാണ് മഹ്മുദുള്ള. ഞാനും ഷാക്കിബും തമ്മില്‍ ഒരു പ്രശ്‌നങ്ങളുമില്ലെന്ന് താരം വീഡിയോയി ല്‍ പറയുന്നുണ്ട്. ഞങ്ങള്‍ രണ്ട് പേരും നല്ല സുഹൃത്തുക്കളാണ്. ഭാവിയിലും അതങ്ങനെതന്നെ തുടരും. മഹ്മുദുള്ള കൂട്ടിച്ചേര്‍ത്തു. താരം ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ കാണാം.