മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെയെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. മെല്‍ബണില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ ബാറ്റും നായകപാടവവും കൊണ്ട് ഹീറോയാവുകയായിരുന്നു രഹാനെ. രഹാനെയുടെ ക്യാപ്റ്റന്‍സി അതിഗംഭീരമാണ് എന്ന് പറയുകയാണ് ഓസീസ് ഇതിഹാസം ഇയാന്‍ ചാപ്പല്‍. 

ക്രിക്കറ്റ് ടീമുകളെ നയിക്കാനായി ജനിച്ചവന്‍ എന്നാണ് രഹാനെയ്ക്ക് ചാപ്പല്‍ നല്‍കുന്ന വിശേഷണം. 'മെല്‍ബണില്‍ ഇന്ത്യന്‍ ടീമിനെ രഹാനെ അനായാസം നയിച്ചതില്‍ അത്ഭുതപ്പെടാനില്ല. 2017ല്‍ ധരംശാലയില്‍ താല്‍ക്കാലിക നായകനായി പുറത്തെടുത്ത മികവ് കണ്ട ആരും നായകനാവാന്‍ ജയിച്ചവാണ് അദേഹമെന്ന് അംഗീകരിക്കും. 2017ലെയും മെല്‍ബണിലേയും മത്സരങ്ങള്‍ തമ്മില്‍ ഏറെ സാമ്യമുണ്ട്. കരുത്തരായ ഒരേ എതിരാളികള്‍ തമ്മിലുള്ള മത്സരങ്ങളായിരുന്നു രണ്ടും എന്നത് ഒരു കാര്യം. ലോവര്‍ ഓര്‍ഡറില്‍ രവീന്ദ്ര ജഡേജ വിലയേറിയ റണ്‍സ് സംഭാവന ചെയ്തു. രഹാനെ വിജയ ടോട്ടലിനുള്ള റണ്‍സ് അടിച്ചുകൂട്ടുകയും ചെയ്തു'. 

ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം; തുടര്‍ ചികില്‍സ നാളെ തീരുമാനിക്കും

ധരംശാലയില്‍ കോലിക്ക് പരിക്കേറ്റപ്പോള്‍ നായകസ്ഥാനം രഹാനെ ഏറ്റെടുത്തത് ചാപ്പല്‍ ഓര്‍ത്തെടുത്തു. 'ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്‌മിത്തും സെഞ്ചുറിക്കൂട്ടുകെട്ടുമായി മുന്നേറുമ്പോള്‍ അരങ്ങേറ്റ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ ബൗള്‍ ചെയ്യാന്‍ രഹാനെ ക്ഷണിച്ചതാണ് എന്‍റെ ശ്രദ്ധയാകര്‍ഷിച്ചത്. അതൊരു ധീരമായ നീക്കമായിരുന്നു. യാദവ് ഉടനടി വാര്‍ണറുടെ വിക്കറ്റ് ഫസ്റ്റ് സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചു. അഞ്ച് വിക്കറ്റ് നേട്ടവും അന്ന് കുല്‍ദീപ് സ്വന്തമാക്കി'. 

'രഹാനെ ധീരനും സ്‌മാര്‍ട്ടുമാണ്. കാര്യങ്ങള്‍ കൈവിട്ടു പോകുമ്പോഴും രഹാനെ ശാന്തനാണ്. സഹതാരങ്ങളെ ബഹുമാനിക്കാനറിയാം. അതാണ് ക്യാപ്റ്റന്‍സിയുടെ ഏറ്റവും പ്രധാന ഘടകം. ടീം ആവശ്യപ്പെടുമ്പോള്‍ റണ്‍സ് കണ്ടെത്താനും കഴിയുന്നതായും' ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു. 

മൂന്നാം ടെസ്റ്റ്: ഇന്ത്യന്‍ ടീം നാളെ സിഡ്‌നിയിലേക്ക്, കൂടെ ഐസൊലേഷനിലുള്ള താരങ്ങളും