കൊല്‍ക്കത്ത: ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ നില തൃപ്തികരം. തുടർ ചികിത്സകൾ എങ്ങനെയെന്ന് നാളെ തീരുമാനിക്കും എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൂന്ന് ബ്ലോക്കുകളാണ് ഇന്ത്യന്‍ മുന്‍ നായകന് കണ്ടെത്തിയത്. ഒരു ആന്‍ജിയോ പ്ലാസ്റ്റി കൂടി ചെയ്യേണ്ടിവന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്‌ച രാവിലെ 11 മണിയോടെ വീട്ടിലെ ജിമ്മില്‍ പരിശീലനത്തിടെയാണ് സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നാലെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലെത്തി ഗാംഗുലിയെ സന്ദര്‍ശിച്ചിരുന്നു. 

ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഇന്നലെ നന്നായി ഉറങ്ങുകയും ലഘു ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു ഗാംഗുലി. കൊവിഡ് പരിശോധനയില്‍ നെഗറ്റീവായതും ആശ്വാസമാണ്. വരും മണിക്കൂറുകളിലെ ആരോഗ്യസ്ഥിതി കൂടി വിലയിരുത്തിയാവും അടുത്ത ആന്‍ജിയോ പ്ലാസിറ്റിയുടെ കാര്യം നാളെ ഡോക്‌ടര്‍മാര്‍ തീരുമാനിക്കുക. 

കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്, ഗാംഗുലി ലഘുഭക്ഷണം കഴിച്ചു; ആരോഗ്യനില തൃപ്തികരം