മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്ത്. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ വോള്‍വ്‌സിനെ തോല്‍പ്പിച്ചതോടെയാണ് മാഞ്ചസ്റ്റര്‍ രണ്ടാം സ്ഥാനം ഉറപ്പാക്കിയത്. മറ്റൊരു മത്സരത്തില്‍ ആഴ്‌സനല്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്രൈറ്റണെ തോല്‍പ്പിച്ചു. സതാംപ്ടണ്‍- വെസ്റ്റ്ഹാം മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ലീഡ്‌സ് എതിരില്ലാത്ത അഞ്ച് ഗോളിന് വെസ്റ്റ് ബ്രോമിനെ തോല്‍പ്പിച്ചു. ബേണ്‍ലി 1-0ത്തിന് ഷെഫീല്‍ഡിനെ തോല്‍പ്പിച്ചു.  

വൂള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. മത്സരം സമനിലയിലേക്ക് പോകുമെന്ന് ഉറപ്പിച്ചിരിക്കെ ഇഞ്ചുറി ടൈമില്‍ മാര്‍ക്കസ് റാഷ്‌ഫോഡാണ് വിജയഗോള്‍ നേടിയത്. ജയത്തോടെ 15 കളിയില്‍ 30 പോയിന്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്തെത്തി. ഒന്നാമതുളള ലിവര്‍പൂളുമായി രണ്ട് പോയിന്റ് വ്യത്യാസം മാത്രമാണ് യുണൈറ്റഡിനിപ്പോള്‍. 

ബ്രൈറ്റണെതിരെ 76ാം മിനിറ്റില്‍ അലക്‌സാന്ദ്രെ ലക്കാസെറ്റെയാണ് ആഴ്‌സനലിനായി ഗോള്‍ നേടിയത്. 16 മത്സരങ്ങളില്‍ 20 പോയിന്റുമായി പതിമൂന്നാം സ്ഥാനത്താണ് ആഴ്‌സനല്‍.
13 പോയിന്റുള്ള ബ്രൈറ്റന്‍ പതിനേഴാം സ്ഥാനത്താണ്. ഷെഫീല്‍ഡ് യുനൈറ്റഡിനെതിരെ ബെന്‍ മീ ബേണ്‍ലിയുടെ വിജയഗോള്‍ നേടി.

വെസ്റ്റ് ബ്രോമിനെതിരെ റൊമെയ്ന്‍ സോയേഴ്‌സിന്റെ സെല്‍ഫ് ഗോളിലൂടെ ലീഡ്‌സ് മുന്നിലെത്തി. എഹ്ജാന്‍ അലോയ്‌സ്‌കി, ജാക്ക് ഹോറിസണ്‍, റോഡ്രിഗോ, റഫീഞ്ഞ എന്നിവരാണ് ശേഷിക്കുന്ന ഗോളുകള്‍ നേടിയത്. നാളെ നടക്കുന്ന മത്സരത്തില്‍ ലിവര്‍പൂള്‍, ന്യൂകാസില്‍ യുനൈറ്റഡിനെ നേരിടും. ടോട്ടന്‍ഹാം, ഫുള്‍ഹാമിനേയും നേരിടും.

ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് സമനില

ലാ ലീഗയില്‍ ഐബറിനെതിരെ ബാഴ്‌സലോണക്ക് സമനിലക്കുരുക്ക്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. കിക്കെയുടെ ഗോളില്‍ ഐബറാണ് ആദ്യം മുന്നിലെത്തിയത്. 67ആം മിനിറ്റില്‍ ഉസ്മാന്‍ ഡെംബലെ ബാഴ്‌സയെ ഒപ്പമെത്തിച്ചു. 15 കളിയില്‍ നിന്ന് 25 പോയിന്റുള്ള ബാഴ്‌സലോണ ആറാം സ്ഥാനത്തേക്ക് വീണു. ക്യാപ്റ്റന്‍ ലിയോണല്‍ മെസിയില്ലാതെയാണ് ബാഴ്‌സ കളിച്ചത്.