തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിനെതിരെ മണിപ്പൂരിന് 150 റണ്‍സ് വിജയലക്ഷ്യം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സെടുത്തത്. 48 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ ടീമില്‍ നിന്ന് കേരള ടീമില്‍ തിരിച്ചെത്തിയ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. 12 റണ്‍സാണ് സഞ്ജു നേടിയത്. 

റോബിന്‍ ഉത്തപ്പ (29), രോഹന്‍ കുന്നുമ്മല്‍ (10), വിഷ്ണു വിനോദ് (25), മുഹമ്മദ് അസറുദ്ദീന്‍ (11) എന്നിങ്ങനെയാണ് കേരള താരങ്ങളുടെ സ്‌കോറുകള്‍. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന സഞ്ജുവിന് കൡക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് താരം നാട്ടില്‍ മടങ്ങിയെത്തിയത്. ഉടനെ ടീമിനൊപ്പം ചേരുകയായിരുന്നു. 

ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ തമിഴ്‌നാടിനോട് തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ ത്രിപുരയെ തോല്‍പ്പിച്ചു.