ബൊക്കാറോ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യന്‍ താരം മനീഷ് പാണ്ഡെ. 54 പന്തില്‍ പുറത്താവാതെ 129 റണ്‍സെടുത്ത മനീഷിന്റെ കരുത്തില്‍ കര്‍ണാടക 80 റണ്‍സിന് സര്‍വീസസിനെ തകര്‍ത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കലും (43 പന്തില്‍ 75) നിര്‍ണായക സംഭാവന നല്‍കി. മറുപടി ബാറ്റിങ്ങില്‍ സര്‍വീസസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനാണ് സാധിച്ചത്.

10 സിക്‌സും 12 ഫോറും അടങ്ങുന്നതായിരുന്നു മനീഷിന്റെ ഇന്നിങ്‌സ്. ബംഗ്ലാദേശിനെതിരെ അവസാന ടി20 കളിച്ച മനീഷ് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ മനീഷ് മലയാളിയായ ദേവ്ദത്തിനൊപ്പം 167 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാല് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു 19കാരന്റെ ഇന്നിങ്്‌സ്. പിന്നീടെത്തിയ കൃഷ്ണപ്പ ഗൗതം 15 പന്തില്‍ 23 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങില്‍ ഇന്ദ്രജിത്ത് ചൗഹാന്‍ (54), സുരേഷ് പലിവാല്‍ (46) എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ശ്രേയാസ് ഗോപാല്‍ കര്‍ണാടകയ്ക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി.