മുംബൈ: ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു. ആശ്രിത ഷെട്ടിയാണ് വധു. ഇരുവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധപിച്ച് മാധ്യമങ്ങളാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ഡിസംബർ രണ്ടിന് മുംബൈയിലാകും വിവാഹമെന്നാണ് റിപ്പോർട്ട്.

2015ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ പാണ്ഡെ 23 ഏകദിനങ്ങളിലും 31 ട്വന്റി20കളിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു. 23 ഏകദിനങ്ങളിൽനിന്ന് 36.66 റൺസ് ശരാശരിയിൽ 440 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും സഹിതമാണിത്.

31 ട്വന്റി20 മൽസരങ്ങളിൽനിന്ന് 37.66 റൺസ് ശരാശരിയിൽ 565 റൺസും നേടി. ഇതിൽ രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. വിജയ് ഹസാരെ ട്രോഫിയിൽ റൺവേട്ടയിൽ കേരളത്തിന്റെ വിഷ്ണു വിനോദിനു പിന്നിൽ രണ്ടാമതാണ് പാണ്ഡെ.

തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയായ ആശ്രിത ഷെട്ടി, മോഡൽ കൂടിയാണ്. തുളു സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്. ഉദയം എൻഎച്ച് 4, ഒരു കന്നിയും മൂന്ന് കളവാണികളും, ഇന്ദ്രജിത്ത് തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു.  പുതുമുഖ നായകനൊപ്പമുള്ള നാൻ താൻ ശിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രം.