കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലും കളിക്കുമ്പോള്‍ കാരണമില്ലാതെ അന്തിമ ഇലവനില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് ധോണിയോട് പലവട്ടം ചോദിക്കാനൊരുങ്ങിയെങ്കിലും കഴിഞ്ഞില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഇന്ത്യക്കായി സെഞ്ചുറി നേടിയിട്ടും കളിയിലെ താരമായിട്ടും അടുത്ത മത്സരത്തില്‍ തന്നെ അന്തിമ ഇലവനില്‍ നിന്ന് തഴഞ്ഞുവെന്നും പിന്നീട് 14 മത്സരങ്ങളില്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലെന്നും തിവാരി പറഞ്ഞു.

ഇതേപ്പറ്റി അന്ന് ക്യാപ്റ്റനായിരുന്ന ധോണിയോട് പലവട്ടം ചോദിക്കാനൊരുങ്ങിയതാണ്. പക്ഷെ പിന്നീട് മടിച്ചു. അവസരം കിട്ടിയില്ല എന്നോ ധൈര്യമില്ലായിരുന്നു എന്നോ എന്തുവേണമെങ്കിലും കരുതാം. സീനിയേഴ്സിനെ ചോദ്യം ചെയ്യുക എന്ന ശീലമില്ല. അതുകൊണ്ടുതന്നെ പലവട്ടം ചോദിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്‍വാങ്ങി. ആ ചോദ്യമാകട്ടെ ഇതുവരെ ചോദിക്കാനുമായിട്ടില്ല.

Also Read: വിരമിക്കാറാവുമ്പോള്‍ അങ്ങനെ പലതും തോന്നും;റെയ്നയുടെയും പത്താന്റെയും ആവശ്യം തള്ളി ബിസിസിഐ

എന്നെ ഒഴിവാക്കിയതിന് പിന്നില്‍ ക്യാപ്റ്റനും കോച്ചിനും ടീം മാനേജ്മെന്റിനും മറ്റ് പല പദ്ധതികളുമുണ്ടായിരുന്നിരിക്കാം. അതെന്തായാലും അതിനെ ‌ഞാന്‍ ബഹുമാനിക്കുന്നു. ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിനുവേണ്ടി കളിക്കുമ്പോഴും ഇത്തരത്തില്‍ ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അന്നും എന്തിനാണ് ഒഴിവാക്കയതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.

എന്നാല്‍ മത്സരസാഹചര്യങ്ങളും ഐപിഎല്ലിലെ കടുത്ത പോരാട്ടവും കണക്കിലെടുത്ത് ചോദിച്ചില്ല. ഭാവിയില്‍ എപ്പോഴെങ്കിലും ഇക്കാര്യം ധോണിയോട് ചോദിക്കാമെന്നാണ് ഇനി പ്രതീക്ഷ-മനോജ് തിവാരി പറഞ്ഞു. ശ്രേയസ് അയ്യരും പൃഥ്വി ഷായും ആണ് ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളെന്നും മനോജ് തിവാരി പറ‌ഞ്ഞു.