ദില്ലി: യുവ്‌രാജ് സിംഗിന് പിന്നാലെ വിദേശ ലീഗ് കളിക്കാന്‍ ഒരു ഇന്ത്യന്‍ താരം കൂടി. പഞ്ചാബ് താരം മന്‍പ്രീത് ഗോണിയാണ് വിദേശ ലീഗില്‍ കളിക്കാനായി ഒരുങ്ങുന്നത്. ഇതിനു വേണ്ടി അന്താരാഷ്ട്ര- ആഭ്യന്തര ക്രിക്കറ്റുകളില്‍ നിന്ന് താരം വിരമിച്ചു. ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ ടൊറന്‍റോ നാഷണലിന് വേണ്ടി കളിക്കാനാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

നേരത്തെ യുവരാജ് സിംഗും ടൊറെന്‍റോ നാഷണല്‍സിന് വേണ്ടി കളിക്കാനായി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ബിസിസിഐയുടെ എന്‍ഒസി ഉണ്ടെങ്കില്‍ മാത്രമേ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ കഴിയുള്ളൂ. 

36 കാരനായ ഗോണി ഇന്ത്യക്കു വേണ്ടി രണ്ട് ഏകദിനങ്ങളും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 61 മത്സരങ്ങളും ടി-20യില്‍ 90 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2008 ജൂണ്‍ 25 ന് ഹോംഗോങിനെതിരെയായിരുന്നു താരത്തിന്‍റെ ഏകദിന അരങ്ങേറ്റം.

ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബ് ക്രിക്കറ്റ് ടീമിനെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. പഞ്ചാബ് പേസ് നിരയുടെ ആയുധമായിരുന്നു ഗോണിയെന്നും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ തീരാനഷ്ടമാണ് ഗോണിയുടെ വിരമിക്കലെന്നും ക്രിക്കറ്റ് അസോസിയേഷന്‍ വക്താവ് സുശീല്‍ കപൂര്‍ പ്രതികരിച്ചു.