ജൊഹന്നസ്‌ബര്‍ഗ്: ലോക ക്രിക്കറ്റിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍മാരുടെ പട്ടികയില്‍ ഉയരങ്ങളിലാണ് എം എസ് ധോണിയുടെ സ്ഥാനം. ബാറ്റും ഗ്ലൗസും കൊണ്ട് വിക്കറ്റിന് മുന്നിലും പിന്നിലും ധോണി നല്‍കിയ സംഭാവനകള്‍ അത്രയേറെ. ക്യാപ്റ്റന്‍സി പരിശോധിച്ചാല്‍ ഏകദിന-ടി20 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും കൈവശമുള്ള ഏക നായകനാണ് ധോണി. കൂര്‍മ്മ ബുദ്ധിശാലിയായ നായകന്‍ എന്നാണ് ധോണിക്കുള്ള വിശേഷണം. 

ദക്ഷിണാഫ്രിക്കന്‍ നായകനും വിക്കറ്റ് കീപ്പറുമായ ക്വിന്‍റണ്‍ ഡികോക്കിന് ധോണിയുമായി സാമ്യതയുണ്ട് എന്ന് പറയുന്നു പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ സെമിയിലെത്താതെ മടങ്ങിയ ദക്ഷിണാഫ്രിക്കയെ ഇപ്പോള്‍ ഏകദിന-ടി20 ഫോര്‍മാറ്റുകളില്‍ നയിക്കുന്നത് ഡികോക്കാണ്. 

'ടീം ഇന്ത്യയെ എം എസ് ധോണി നയിക്കുമ്പോള്‍ ഒരുപാട് പേര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ധോണിക്ക് വലിയ ക്യാപ്റ്റന്‍സി റെക്കോര്‍ഡുണ്ട്. ഡികോക്ക് മത്സരങ്ങള്‍ ആസ്വദിക്കുകയാണ്. മൈതാനത്തിന് പുറത്തുള്ള കാര്യങ്ങളാണ് ഡികോക്കിനെ പ്രതികൂലമായി ബാധിക്കുന്നത്. അത് പരിഹരിക്കാന്‍ സഹായിക്കാനാണ് താല്‍പര്യം. എന്നാല്‍ മൈതാനത്ത് അയാള്‍ മികച്ച നായകനാണ്. ഡികോക്ക് കളിക്കളത്തില്‍ കൂര്‍മ്മബുദ്ധിശാലിയാണ്. ഫീല്‍ഡിംഗ് സജീകരണങ്ങളടക്കമുള്ള കാര്യങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നു' എന്നും ബൗച്ചര്‍ ഇഎസ്‌പിഎന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു. 

ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെതിരെ അടുത്തിടെ ഏകദിന പരമ്പരയില്‍ സമനില(1-1) പിടിച്ചിരുന്നു ക്വിന്‍റണ്‍ ഡികോക്കിന് കീഴില്‍ ദക്ഷിണാഫ്രിക്ക. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു ഡികോക്ക്. കേപ്‌ടൗണില്‍ സെഞ്ചുറിയും(107) ജൊഹന്നസ്‌ബര്‍ഗില്‍ അര്‍ധ സെഞ്ചുറിയും(69) നേടി പരമ്പരയിലെ താരമായി. ഡികോക്കിന് കീഴില്‍ മൂന്ന് ടി20കളുടെ പരമ്പരയ്‌ക്ക് ഇന്ന് ദക്ഷിണാഫ്രിക്ക ഇറങ്ങും.