പരിശീലന സംഘത്തില്‍ മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ ദിവസമാണ് അഴിച്ചുപണി നടത്തിയത്

മുംബൈ: ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനെയ്ക്ക് പുതിയ ചുമതല നല്‍കിയതോടെ പകരക്കാരന്‍ ആരാകുമെന്ന അഭ്യൂഹങ്ങള്‍ സജീവമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ മുന്‍താരം മാര്‍ക് ബൗച്ചര്‍ മുംബൈയുടെ പുതിയ പരിശീലകനായേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

പരിശീലന സംഘത്തില്‍ മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ ദിവസമാണ് അഴിച്ചുപണി നടത്തിയത്. നിലവിലെ മുഖ്യ പരിശീലകനായിരുന്ന മഹേല ജയവര്‍ധനെയെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളുടെയെല്ലാം ഗ്ലോബര്‍ ഹെഡ്-പെര്‍ഫോര്‍മന്‍സ് ഡയറക്‌ടര്‍ ആയി നിയമിക്കുകയായിരുന്നു. 2017 മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മുഖ്യ പരിശീലകനായിരുന്നു ജയവര്‍ധനെ. ടീം ഡയറക്ടറായിരുന്നു മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ ആഗോള ക്രിക്കറ്റ് ഡെവലപ്മെന്‍റ് ഹെഡ്ഡായും നിയമിച്ചിട്ടുണ്ട്. 

മുംബൈ ഇന്ത്യന്‍സിന് യുഎഇ ടി20 ലീഗിലും ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലും ടീമുകളുണ്ട്. വിവിധ ലീഗുകളിലെ ടീമുകളുടെ പരിശീലകരെ തെരഞ്ഞെടുക്കുന്നതും അവരുടെ മേല്‍നോട്ട ചുമതലയും കളിക്കാരെ തെരഞ്ഞെടുക്കേണ്ട ചുമതലയും ഇനി ജയവര്‍ധനെക്കായിരിക്കും. വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ നിന്ന് കളിക്കാരെ കണ്ടെത്തുകയും അവരെ ടീമിലെത്തിക്കുകയും ചെയ്യുക എന്നതായിരിക്കും സഹീര്‍ ഖാന്‍റെ ചുമതല.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തുള്ള പരിചയമാണ് മാര്‍ക്ക് ബൗച്ചറുടെ കൈമുതല്‍. 2016 ഓഗസ്റ്റില്‍ ടൈറ്റാന്‍സിനെ അഞ്ച് ആഭ്യന്തര കിരീടങ്ങളിലേക്ക് നയിച്ചാണ് ബൗച്ചര്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ എന്നതാണ് മാര്‍ക് ബൗച്ചര്‍ക്കുള്ള വിശേഷണം. രാജ്യാന്തര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍(999) എന്ന റെക്കോര്‍ഡ് ബൗച്ചര്‍ക്ക് സ്വന്തം. ഏറ്റവും കൂടുതല്‍ ക്യാച്ചുകളുടെ റെക്കോര്‍ഡും ബൗച്ചര്‍ക്കാണ്. 

ഐപിഎല്‍: ജയവര്‍ധനെക്ക് പുതിയ ചുമതല, പകരം പരീശിലകനെ തേടി മുംബൈ ഇന്ത്യന്‍സ്