ജൊഹന്നസ്‌ബര്‍ഗ്: മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മാര്‍ക്ക് ബൗച്ചര്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനാകും. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ താത്ക്കാലിക ഡയറക്‌ടര്‍ ഗ്രേയം സ്‌മിത്ത് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും. 147 ടെസ്റ്റിലും 295 ഏകദിനത്തിലും 25 ട്വന്‍റി 20യിലും ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ്കീപ്പറായിരുന്ന ബൗച്ചര്‍ നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ടീമായ ടൈറ്റന്‍സിന്‍റെ പരിശീലകനാണ്. 

2019 ലോകകപ്പിലെ തിരിച്ചടിക്ക് പിന്നാലെ തുടര്‍ച്ചയായി അഞ്ച് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തോറ്റുനിൽക്കെ ആണ് ബൗച്ചര്‍ ചുമതലയേൽക്കുന്നത്. മികച്ച പോരാളിയെന്ന വിശേഷണം ഉള്ള ബൗച്ചറിനെ മുഖ്യപരിശീലകനാക്കണമെന്ന് കെവിന്‍ പീറ്റേഴ്‌സൺ അടക്കം പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. 147 ടെസ്റ്റില്‍ 5515 റണ്‍സും 295 ഏകദിനങ്ങളില്‍ 4686 റണ്‍സും 25 ടി20കളില്‍ 268 റണ്‍സും ബൗച്ചര്‍ നേടിയിട്ടുണ്ട്. 998 പേരെ പുറത്താക്കി വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാം സ്ഥാനവും ബൗച്ചര്‍ക്കുണ്ട്. 

ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ് ബാറ്റിംഗ് കോച്ചാകുമെന്നും സൂചനയുണ്ട്. ടെസ്റ്റില്‍ 13289 റണ്‍സും 292 വിക്കറ്റും ഏകദിനത്തില്‍ 11579 റണ്‍സും 273 വിക്കറ്റും
നേടിയിട്ടുള്ള താരമാണ് കാലിസ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് ഇനി ദക്ഷിണാഫ്രിക്ക കളിക്കുന്നത്.