അതേസമയം, മുംബൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത് 63 ദിവസമായിട്ടും മുന്‍ നായകന്‍ രോഹിത് ശര്‍മയോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്ന ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തുറന്നു പറച്ചിലും ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്.

മുംബൈ: രോഹിത് ശര്‍മയെ എന്തിന് മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയെന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ മുംബൈ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. മുംബൈ ക്യാപ്റ്റായശേഷം ആദ്യമായി വാര്‍ത്താ സമ്മേളനത്തിനെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം എത്തിയതായിരുന്നു കോച്ച്.

രോഹിത് ശര്‍മയെ മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ ടീം മാനേജ്മെന്‍റ് പറഞ്ഞ ഒരു കാരണം എന്താണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. ഉത്തരം പറയാനായി ബൗച്ചര്‍ മൈക്ക് കൈയിലെടുത്തെങ്കിലും ഒന്നും പറയാതെ തലയാട്ടി. ഉത്തരമാണ് വേണ്ടതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോഴും ബൗച്ചര്‍ തലയാട്ടല്‍ തുടര്‍ന്നു. സമീപത്ത് ഹാര്‍ദ്ദിക് പാണ്ഡ്യ ചെറു ചിരിയോടെ ഇരിക്കുന്നുണ്ടായിരുന്നു.

എന്‍റെ ക്യാപ്റ്റൻസിക്ക് കീഴില്‍ രോഹിത് കളിക്കുന്നതില്‍ അസ്വാഭിവകതയില്ല, ഹാര്‍ദ്ദിക് പാണ്ഡ്യ

അതേസമയം, മുംബൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത് 63 ദിവസമായിട്ടും മുന്‍ നായകന്‍ രോഹിത് ശര്‍മയോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്ന ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തുറന്നു പറച്ചിലും ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തശേഷം രോഹിത്തിനോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും പറയാം. രോഹിത് തിരക്കിലും യാത്രയിലുമായതിനാല്‍ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മുംബൈ ഇന്ത്യന്‍സ് ക്യാംപിലെത്തിയശേഷം സംസാരിക്കുമെന്നും ആയിരുന്നു ഹാര്‍ദ്ദിക്കിന്‍റെ പ്രതികരണം.

രോഹിത് തുടര്‍ച്ചയായി യാത്രകളിലായിരുന്നു. അതിനാല്‍ ഇതുവരെ നേരില്‍ കാണാനോ ബന്ധപ്പെടാനോ കഴിഞ്ഞില്ല. രോഹിത് ടീം ക്യാംപില്‍ ചേരുമ്പോള്‍ അദ്ദേഹത്തോട് സംസാരിക്കുമെന്നായിരുന്നു ഹാര്‍ദ്ദിക് പറഞ്ഞത്. രോഹിത് ശര്‍മ തനിക്ക് കീഴില്‍ കളിക്കുന്നതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നും രോഹിത്തില്‍ നിന്ന് ആവശ്യമെങ്കില്‍ സഹായം തേടുമെന്നും ഹാര്‍ദ്ദിക് പറഞ്ഞു. അദ്ദേഹത്തിന്‍റെ ഒരു കൈ എപ്പോഴും തന്‍റെ ചുമലിലുണ്ടാവുമെന്നുറപ്പാണെന്നും ഹാര്‍ദ്ദിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Scroll to load tweet…

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ മിനി താരലേലത്തിന് തൊട്ടു മുമ്പ് അപ്രതീക്ഷിത നീക്കത്തിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീമില്‍ തിരിച്ചെത്തിച്ച മുംബൈ ഇന്ത്യന്‍സ് പിന്നീട് രോഹിത്തിന് പകരം നായകനായി പ്രഖ്യാപിക്കുകയായിരുന്നു. രോഹിത്തിനെ നായക സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും സമൂഹമാധ്യമങ്ങളില്‍ നിന്ന് പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ 24ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആണ് മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക