സ്പിന്‍ ഓള്‍റൗണ്ടര്‍ പുറത്ത്! ലബുഷെയ്ന്‍ ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമില്‍; തുണയായത് ഇന്ത്യയിലെ പ്രകടനം
തുടയിലെ പേശികള്‍ക്കേറ്റ പരിക്ക് ഭേദമാകാത്തതാണ് അഗറിന് ലോകകപ്പ് നഷ്ടമാക്കിയത്. ഇന്ത്യക്കെതിരെ ഏകദിന പരമ്പരയിലും സ്പിന്‍ ഓള്‍റൗണ്ടര്‍ കളച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന - ടി20 പരമ്പരയില്‍ നിന്നും അഗര്‍ വിട്ടുനിന്നിരുന്നു.

സിഡ്‌നി: ഏകദിന ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ മര്‍നസ് ലബുഷെയ്‌നെ ഉള്‍പ്പെടുത്തി. സ്പിന്നര്‍ അഷ്ടണ്‍ അഗറിന്റെ പരിക്ക് ഭേദമാവാത്തതിനെ തുടര്‍ന്നാണ് ലബുഷെയ്‌നെ ടീമിലെടുത്തത്. നേരത്തെ പ്രഖ്യാപിച്ച ടീമില്‍ നിന്നുള്ള ഏക മാറ്റം ഇതാണ്. പരിക്കാണെങ്കിലും ട്രാവിസ് ഹെഡിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. നേരത്തെ, ഹെഡിന് പകരം ലബുഷെയ്ന്‍ ടീമിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവര്‍ക്കെതിരെ ഏകദിന പരമ്പരയില്‍ നടത്തിയ മികച്ച പ്രകടനമാണ് ലബുഷെയ്‌നിന് തുണയായത്.
തുടയിലെ പേശികള്‍ക്കേറ്റ പരിക്ക് ഭേദമാകാത്തതാണ് അഗറിന് ലോകകപ്പ് നഷ്ടമാക്കിയത്. ഇന്ത്യക്കെതിരെ ഏകദിന പരമ്പരയിലും സ്പിന്‍ ഓള്‍റൗണ്ടര്‍ കളച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന - ടി20 പരമ്പരയില്‍ നിന്നും അഗര്‍ വിട്ടുനിന്നിരുന്നു. ഇതോടെ ഓസീസ് നിരയില്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ മാത്രമാവും കളിക്കുക. ആഡം സാംപയാണ് ടീമിലെ സ്പിന്നര്‍. അദ്ദേത്തോടൊപ്പം ഗ്ലെന്‍ മാക്‌സ്‌വെല്ലും പന്തെടുക്കും. ഇന്ത്യക്കെതിരെ പത്ത് ഓവര്‍ എറിഞ്ഞ മാക്‌സ്‌വെല്‍ 40 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയിരുന്നു.
ഓസ്‌ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, സീന്‍ അബോട്ട്, അലക്‌സ് ക്യാരി, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്‌റ്റോയിനിസ്, ആഡം സാംപ.
ഒക്ടോബര്‍ അഞ്ചിന് ന്യൂസിലന്‍ഡ് - ഇംഗ്ലണ്ട് പോരാട്ടത്തോടെ തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ എട്ടിന് ഇന്ത്യക്കെതിരെ ചെന്നൈയിലാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. ഏകദിന ലോകകപ്പ് ടീമിനുള്ള പ്രാഥമിക സ്‌ക്വാഡില്‍ മാറ്റം വരുത്താനുള്ള തീയതി ഇന്ന് അവസാനിക്കും.