Asianet News MalayalamAsianet News Malayalam

'മാരകം' മാര്‍നസ് ലാബുഷെയ്‌ന്‍; 2019ല്‍ നാഴികക്കല്ല് പിന്നിട്ട ഏകതാരം; റാങ്കിംഗിലും ബുള്ളറ്റ് വേഗം!

ക്രിക്കറ്റിലെ വലിയ ഫോര്‍മാറ്റില്‍ 2019ല്‍ 1000 റണ്‍സ് പിന്നിട്ട ഏകതാരമാണ് ലാബുഷെയ്‌ന്‍. 64.94 ശരാശരിയില്‍ 1104 റണ്‍സാണ് താരം അടിച്ചെടുത്തത്. 

Marnus Labuschagne Most Runs in Test 2019
Author
Sydney NSW, First Published Dec 31, 2019, 11:17 AM IST

സിഡ്‌നി: ടെസ്റ്റില്‍ ഈ വര്‍ഷം(2019) ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടം ഓസീസ് ബാറ്റ്സ്‌മാന്‍ മാര്‍നസ് ലാബുഷെയ്‌ന്. ക്രിക്കറ്റിലെ വലിയ ഫോര്‍മാറ്റില്‍ 2019ല്‍ 1000 റണ്‍സ് പിന്നിട്ട ഏകതാരമാണ് ലാബുഷെയ്‌ന്‍. 64.94 ശരാശരിയില്‍ 1104 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് മുന്‍ നായകന്‍ സ്റ്റീവന്‍ സ്‌മിത്തിന് 965 റണ്‍സാണുള്ളത്. 

Marnus Labuschagne Most Runs in Test 2019

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് 851 റണ്‍സുമായി മൂന്നാം സ്ഥാനത്തും ജോ ബേണ്‍സ് 824 റണ്‍സെടുത്ത് നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. എട്ട് മത്സരങ്ങളില്‍ നിന്ന് 754 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. അഗര്‍വാള്‍ ഒഴികെ മറ്റ് ഇന്ത്യന്‍ താരങ്ങളാരും ആദ്യ പത്തിലില്ല. അജിങ്ക്യ രഹാനെ(642), വിരാട് കോലി(612) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. 

റാങ്കിംഗിലും ചരിത്രം കുറിച്ചാണ് 2019നോട് ലാബുഷെയ്ന്‍ വിടപറയുന്നത്. ഈ വര്‍ഷത്തെ അവസാനത്തെ റാങ്കിംഗില്‍ ഒരു സ്ഥാനമുയര്‍ന്ന താരം നാലാമനായി ഫിനിഷ് ചെയ്തു. ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ 110-ാം സ്ഥാനത്തായിരുന്ന താരമാണ് നാലാം നമ്പറിലേക്ക് കുതിച്ചെത്തിയത് എന്നതാണ് പ്രത്യേകത. ആഷസില്‍ സൂപ്പര്‍ താരം സ്റ്റീവ് സ്‌മിത്തിന് പരിക്കേറ്റതോടെ പകരക്കാരനായെത്തിയ ലാബുഷെയ്‌ന്‍ മാസ്‌മരിക പ്രകടനവുമായി അമ്പരപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് മുതല്‍ 75 ശരാശരിയില്‍ 975 റണ്‍സ് താരം നേടി. 

ഏകദിനത്തില്‍ ഹിറ്റ്‌മാന്‍ ഫസ്റ്റ്

Marnus Labuschagne Most Runs in Test 2019

അതേസമയം 2019ൽ ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടിയ താരമെന്ന റെക്കോർഡ് ഹിറ്റ്‌മാന്‍ രോഹിത് ശർമ്മയ്‌ക്കാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പിന്തള്ളിയാണ് രോഹിത്തിന്റെ നേട്ടം. 28 ഏകദിനത്തിൽ ഏഴ് സെഞ്ചുറിയും ആറ് അർധസെഞ്ചുറിയും ഉൾപ്പടെ 2019ൽ 1490 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. ഇതില്‍ അഞ്ച് സെഞ്ചുറികള്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലായിരുന്നു. 

വിരാട് കോലി 26 ഏകദിനത്തിൽ 1377 റൺസ് നേടി. അഞ്ച് സെഞ്ചുറിയും ഏഴ് അർധസെഞ്ചുറിയുമാണ് കോലി ഇക്കാലയളവിൽ എത്തിയത്. വെസ്റ്റ് ഇൻഡീസിന്റെ ഷായ് ഹോപ്പ് 1345 റൺസുമായി മൂന്നും ആരോൺ ഫിഞ്ച് 1141 റൺസുമായി നാലും 1092 റൺസുമായി ബാബർ അസം അഞ്ചും സ്ഥാനങ്ങളിലെത്തി. 

Follow Us:
Download App:
  • android
  • ios