സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ കളിക്കാര്‍ തമ്മില്‍ കാര്യമായ വാക്പോരോ കൈവിട്ട കളിയോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. വിക്കറ്റ് പിന്നില്‍ നിന്ന് റിഷഭ് പന്ത് മാത്യു വെയ്ഡിനെ പ്രകോപിപ്പിച്ചത് ഒഴിച്ചാല്‍ ബ്രിസ്ബേന്‍ ടെസ്റ്റ് വേദി സംബന്ധിച്ച തര്‍ക്കം  മാത്രമാണ് ആകെ ഇരു ടീമും തമ്മിലുള്ള വിഷയമായി നിലനില്‍ക്കുന്നത്.

എന്നാല്‍ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍ ബാറ്റ് ചെയ്യുന്നതിനിടെ  വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിച്ച് വീഴ്ത്താന്‍ ശ്രമിക്കുകയാണ് ഓസീസിന്‍റെ മാര്‍നസ് ലാബുഷെയ്ന്‍. ഗില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഫോര്‍വേര്‍ഡ് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ലാബുഷെയ്ന്‍, ഗില്ലിനോട് ആരാണ് നിന്‍റെ ഇഷ്ട ബാറ്റ്സ്മാനെന്ന് ചോദിച്ചു. അത് ഞാന്‍ കളി കഴിഞ്ഞിട്ട് പറഞ്ഞുതരാം എന്നായിരുന്നു ഗില്ലിന്‍റെ മറുപടി.

എന്നാല്‍ അവിടം കൊണ്ടും നിര്‍ത്താതിരുന്ന ലാബുഷെയ്ന്‍ സച്ചിനെയാണോ ഇഷ്ടം, അതോ കോലിയെ പോലെയാവാനാണോ നീ ശ്രമിക്കുന്നത് എന്നും ഗില്ലിനോട് ചോദിച്ചു. ഇതിന് മറുപടി നല്‍കാന്‍ ഗില്‍ മുതിര്‍ന്നില്ല. പിന്നീട് രോഹിത് ശര്‍മ സ്ട്രൈക്കിലെത്തിയപ്പോഴും ലാബുഷെയ്നിന്‍റെ വാചകമടി തുടര്‍ന്നു. ക്വാറന്‍റൈന്‍ കാലത്ത് എന്തായിരുന്നു പരിപാടി എന്നായിരുന്നു രോഹിത്തിനോട് ലാബുഷെയ്നിന്‍റെ ചോദ്യം. ഇതിന് രോഹിത് മറുപടിയൊന്നും നല്‍കിയില്ല.

മത്സരത്തില്‍ അര്‍ധസെഞ്ചുറി കുറിച്ച ഗില്ലും രോഹിത്തും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 338 റണ്‍സിന് മറുപടിയായി ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയിലാണ്. അഞ്ച് റണ്‍സോടെ രഹാനെയും ഒമ്പത് റണ്‍സുമായി പൂജാരയും ക്രീസില്‍.