ലണ്ടന്‍: ഐപിഎല്ലില്‍ ആരും ടീമിലെടുക്കാതിരുന്നതിനെക്കുറിച്ച് പ്രതികരിച്ച് ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് ഓപ്പണര്‍ ജേസണ്‍ റോയി. ഇത്തവണ ഐപിഎല്ലിന്‍റെ ഭാഗമാകാന്‍ കഴിയില്ലെന്നത് വലിയ നാണക്കേടായി പോയി, എങ്കിലും ടീമുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ താരങ്ങളെയും അഭിനന്ദിക്കുന്നു. പ്രത്യേകിച്ചും വലിയ തുകക്ക് ടീമുകള്‍ സ്വന്തമാക്കിയവര്‍ എന്നായിരുന്നു ജേസണ്‍ റോയിയുടെ ട്വീറ്റ്.

കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീം അംഗമായിരുന്ന റോയ് വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്ലില്‍ നിന്ന് അവസാന നിമിഷം പിന്‍മാറിയിരുന്നു. പിന്നീട് ഡാനിയേല്‍ സാംസ് ആണ് റോയിക്ക് പകരം ഡല്‍ഹി ടീമിലെടുത്തത്.

ഇത്തവണ താരലേലത്തിന് മുമ്പെ റോയിയെ ഡല്‍ഹി ഒഴിവാക്കിയിരുന്നു. ഡാനിയേല്‍ സാംസിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഡല്‍ഹി കൈമാറുകയും ചെയ്തു. എന്നാല്‍ ലേലത്തിനെത്തിയപ്പോള്‍ റോയിക്കായി ടീമുകളാരും രംഗത്തെത്തിയില്ല. റോയിയുടെ സഹതാരമായ മോയിന്‍ അലിയെ ഏഴ് കോടി രൂപ നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കുകയും ചെയ്തു.