ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഡർബൻ ടെസ്റ്റിൽ 190 റൺസ് നേടിയ ഓസ്ട്രേലിയൻ ബാറ്റർ മാറ്റ് റെൻഷോ വിരാട് കോലിയുടെ 10 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു. വാലറ്റക്കാർക്കൊപ്പം ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടമാണ് റെൻഷോ സ്വന്തമാക്കിയത്. കൂടാതെ ഫിലിപ്പ് ഹ്യൂസിന്റെ റെക്കോർഡും താരം മറികടന്നു.
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഡര്‍ബന്‍ ടെസ്റ്റില്‍ കരിയറിലെ മികച്ച പ്രകടനമായ 190 റണ്‍സ് നേടിയിരുന്നു ഓസ്ട്രേലിയന്‍ ബാറ്റര്‍ മാറ്റ് റെന്‍ഷോ. ഇതോടെ ഒരു റെക്കോഡും റെന്‍ഷോയുടെ പേരിലായി. ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ വാലറ്റക്കാരായ ബാറ്റ്സ്മാന്മാര്‍ക്കൊപ്പം ചേര്‍ന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന വിരാട് കോലിയുടെ 10 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് റെന്‍ഷോ തകര്‍ത്തത്. കിംഗ്‌സ്മീഡില്‍ നടന്ന മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 8 മുതല്‍ 11 വരെയുള്ള നമ്പറുകളില്‍ ക്രീസിലെത്തിയ താരങ്ങള്‍ക്കൊപ്പം മാത്രം 174 റണ്‍സാണ് റെന്‍ഷോ കൂട്ടിച്ചേര്‍ത്തത്. റെന്‍ഷോയുടെ ഈ അവിസ്മരണീയ പ്രകടനത്തിന്റെ കരുത്തില്‍ ഒരു ഘട്ടത്തില്‍ 124 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ തകര്‍ച്ചയിലായിരുന്ന ഓസ്ട്രേലിയ 390 റണ്‍സെന്ന ശക്തമായ സ്‌കോറിലെത്തി.
2016 ഡിസംബറില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ 235 റണ്‍സ് നേടിയപ്പോള്‍ വാലറ്റക്കാര്‍ക്കൊപ്പം 171 റണ്‍സ് നേടിയ കോലിയുടെ റെക്കോര്‍ഡാണ് റെന്‍ഷോ മറികടന്നത്. ഓസ്ട്രേലിയന്‍ മുന്‍നിര തകര്‍ന്നടിഞ്ഞ മത്സരത്തില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമൊത്ത് (43 റണ്‍സ്) 86 റണ്‍സിന്റെ കൂട്ടുകെട്ടും, അതുകഴിഞ്ഞ് നഥാന്‍ ലിയോണുമൊത്ത് (27 റണ്‍സ്) ഒമ്പതാം വിക്കറ്റില്‍ 134 റണ്‍സിന്റെ മാച്ച് ചേഞ്ചിംഗ് കൂട്ടുകെട്ടും കെട്ടിപ്പടുക്കാന്‍ റെന്‍ഷോയ്ക്ക് സാധിച്ചു. 190 റണ്‍സെടുത്ത് നില്‍ക്കെ സൈമണ്‍ ഹാര്‍മറുടെ പന്തില്‍ പുറത്തായതോടെയാണ് താരത്തിന്റെ ഇരട്ട സെഞ്ചുറി സ്വപ്നം പൊലിഞ്ഞത്.
21 ഫോറുകളും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു റെന്‍ഷോയുടെ ഇന്നിംഗ്‌സ്. ഒന്‍പത് വര്‍ഷത്തിന് ശേഷമുള്ള താരത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. ഡര്‍ബന്‍ കിംഗ്‌സ്മീഡില്‍ ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഓസ്ട്രേലിയന്‍ താരമെന്ന റെക്കോര്‍ഡും റെന്‍ഷോ സ്വന്തമാക്കി. 2009ല്‍ ഫിലിപ്പ് ഹ്യൂസ് നേടിയ 160 റണ്‍സിന്റെ റെക്കോര്‍ഡാണ് താരം മറികടന്നത്. അഞ്ചാമതായോ അതിന് താഴെയോ ബാറ്റിംഗിനിറങ്ങി ഈ ഗ്രൗണ്ടില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ കൂടിയാണിത്. (2019ല്‍ കുശാല്‍ പെരേര നേടിയ പുറത്താകാതെയുള്ള 153 റണ്‍സിനെ മറികടന്നു).
