ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് കുംബ്ലെയും ഹെയ്ഡനും, 5 ഇന്ത്യൻ താരങ്ങൾ ടീമിൽ; ഒറ്റ പാകിസ്ഥാൻ താരം പോലുമില്ല
മൂന്നാം നമ്പറിലേക്ക് വിരാട് കോലിയെയും രചിന്‍ രവീന്ദ്രയെയുമാണ് ഇരുവരും നിര്‍ദേശിച്ചത്. മൂന്നാം നമ്പറിലായാലും നാലാം നമ്പറിലായാലും രചിന്‍ രവീന്ദ്ര ടീമിലുണ്ടാരുമെന്ന് ഹെയ്ഡന്‍ പറഞ്ഞു.
മുംബൈ: ലോകകപ്പ് ലീഗ് ഘട്ടം പൂര്‍ത്തിയായതിന് പിന്നാലെ ലോകകപ്പിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയും ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനും. ഓപ്പണര്‍മാരായി ഹെയ്ഡനും കുംബ്ലെയും തെരഞ്ഞെടുത്തത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയയെും ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്കിനെയുമാണ്. ഇരുവരും പവര്‍ പ്ലേയില്‍ ഒത്തു ചേര്‍ന്നാല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടിവരില്ലെന്ന് ഇഎസ്എപിഎൻ ക്രിക് ഇന്‍ഫോയിലെ ചര്‍ച്ചയില്‍ ഇരുവരും പറഞ്ഞു. നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്ത ലോകകപ്പ് ഇലവനില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയിരുന്നില്ല. വിരാട് കോലിയെ ആണ് ക്യാപ്റ്റനായി ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്തത്. എന്നാല്‍ ഹെയ്ഡനും കുംബ്ലെയും തെരഞ്ഞെടുത്ത ടീമില്‍ ആരെയും ക്യാപ്റ്റനായി തെരഞ്ഞെടുത്തിട്ടില്ല.
മൂന്നാം നമ്പറിലേക്ക് വിരാട് കോലിയെയും രചിന്‍ രവീന്ദ്രയെയുമാണ് ഇരുവരും നിര്‍ദേശിച്ചത്. മൂന്നാം നമ്പറിലായാലും നാലാം നമ്പറിലായാലും രചിന്‍ രവീന്ദ്ര ടീമിലുണ്ടാരുമെന്ന് ഹെയ്ഡന്‍ പറഞ്ഞു. കോലി മൂന്നാമത് ഇറങ്ങിയാല്‍ രചിന്‍ രവീന്ദ്ര നാലാം സ്ഥാനത്ത് ഇറങ്ങും. അഞ്ചാം നമ്പറില്‍ ഹെന്‍റിച്ച് ക്ലാസനും ആറാം സ്ഥാനത്ത് ഗ്ലെന്‍ മാക്സ്‌വെല്ലുമാണ് ഇറങ്ങുന്നത്.
രവീന്ദ്ര ജഡേജയെയാണ് സ്പിന്‍ ഓള്‍ റൗണ്ടറായി ഇരുവരും ടീമിലെടുത്തത്. പേസ് ഓള്‍ റൗണ്ടറായി ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ ജാന്‍സനാണ് ടീമില്‍. പേസര്‍മാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ടീമിലെത്തിയപ്പോള്‍ രണ്ടാം സ്പിന്നറായി ഓസ്ട്രേലിയയുടെ ആദം സാംപയാണ് ഇരുവടുടെയും ലോകകപ്പ് ഇലവനില്‍ ഇടം നേടിയത്.
കുംബ്ലെയുടെയും ഹെയ്‌ഡന്‍റെയും ലോകകപ്പ് ഇലവൻ: ക്വന്‍റൺ ഡി കോക്ക്, രോഹിത് ശർമ്മ, വിരാട് കോലി, രച്ചിൻ രവീന്ദ്ര, ഗ്ലെൻ മാക്‌സ്‌വെൽ, ഹെൻറിച്ച് ക്ലാസൻ, രവീന്ദ്ര ജഡേജ, മാർക്കോ ജാൻസൻ, മുഹമ്മദ് ഷമി, ജസ്പ്രീത് ബമ്ര, ആദം സാംപ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക