ലോകകപ്പിന് മുമ്പ് ഓപ്പണര്‍ സ്ഥാനത്ത് ഫോം തെളിയിക്കാനും സ്ഥാനം അരക്കിട്ടുറപ്പിക്കാനും മലയാളി താരം സഞ്ജു സാംസണ് ലഭിക്കുന്ന സുവര്‍ണാവസരമാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര.
നാഗ്പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നാഗ്പൂരില്‍ നടക്കും. അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. ലോകകപ്പിനുള്ള ടീമിനെ തന്നെയാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കും ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ പരിക്കേറ്റ തിലക് വര്‍മക്ക് പകരം ശ്രേയസ് അയ്യരെയും വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്ണോയിയെും ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോകകപ്പിന് മുമ്പ് ഓപ്പണര്‍ സ്ഥാനത്ത് ഫോം തെളിയിക്കാനും സ്ഥാനം അരക്കിട്ടുറപ്പിക്കാനും മലയാളി താരം സഞ്ജു സാംസണ് ലഭിക്കുന്ന സുവര്‍ണാവസരമാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര. ഇഷാന്‍ കിഷനാണ് സഞ്ജുവിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലും ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ടീമിലുമുള്ളത്. ഇന്ത്യക്കെതിരെ ഏകദിന പരമ്പരയില്‍ ചരിത്രവിജയം നേടിയ ന്യൂസിലന്‍ഡ് ടി20 പരമ്പരയും നേടി ലോകകപ്പിന് മുമ്പ് ആത്മവിശ്വാസം ഇരട്ടിപ്പിക്കാനാകും ശ്രമിക്കുക.
ആദ്യ മത്സരത്തില്‍ അഭിഷേക് ശര്‍മക്കൊപ്പം സഞ്ജു സാംസണ്‍ തന്നെയാകും ഓപ്പണറായി ഇറങ്ങുക. മൂന്നാം നമ്പറില്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് എത്തും. സമീപകാലത്ത് മോശം ഫോമിലുള്ള സൂര്യകുമാറിന് ലോകകപ്പിന് മുമ്പ് ഫോം വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. നാലാം നമ്പറില്‍ തിലക് വര്‍മക്ക് പകരം ടീമിലെത്തിയ ശ്രേയസ് അയ്യരാകും ഇറങ്ങുക. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് കളികളില്‍ നിരാശപ്പെടുത്തിയ ശ്രേയസിനും ടി20 പരമ്പര നിര്‍ണായകമാണ്. തിലക് വര്‍മയുടെ പരിക്ക് ഭേദമായില്ലെങ്കില്‍ പകരം ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടണമെങ്കില്‍ ടി20 പരമ്പരയില്‍ മികവ് കാട്ടിയെ മിതായവു.
മിന്നും ഫോമിലുള്ള ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാം നമ്പറിലെത്തുമ്പോള്‍ വൈസ് ക്യാപ്റ്റൻ അക്സര്‍ പട്ടേല്‍ ആറാം നമ്പറിലെത്തും. ഫിനിഷര്‍മാരായി റിങ്കു സിംഗും ശിവം ദുബെയും പ്ലേയിഗ് ഇലവനിലെത്താനാണ് സാധ്യത. ഇതോടെ എട്ടാം നമ്പര്‍ വരെ ഇന്ത്യക്ക് ബാറ്റിംഗ് കരുത്ത് ഉറപ്പാക്കാനാവും. പേസര്‍മാരായി അര്‍ഷ്ദീപ് സിംഗും ജസ്പ്രീത് ബുമ്രയും തിരിച്ചെത്തുമ്പോള്‍ സ്പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയാകും പ്ലേയിംഗ് ഇലവനില്‍ കളിക്കുക. മൂന്നാം പേസറുടെ റോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ചുമലിലാകുമ്പോള്‍ ശിവം ദുബെ, അക്സര്‍ പട്ടേല്‍, അഭിഷേക് ശര്‍മ, റിങ്കു സിംഗ് എന്നിവരെയും ബൗളിംഗില്‍ ഉപയോഗിക്കാനാവും ഇന്ത്യ ശ്രമിക്കുക.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ശിവം ദുബെ, റിങ്കു സിംഗ്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി.
