പൂനെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും സെഞ്ചുറി നേടിയതോടെ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ തേടിയെത്തിയത് അപൂര്‍വ നേട്ടം. വീരേന്ദര്‍ സെവാഗിനുശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടര്‍ച്ചയായി രണ്ട് ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ഓപ്പണറെന്ന നേട്ടമാണ് മായങ്കിനെ തേടിയെത്തിയത്.

2009-2010ലായിരുന്നു സെവാഗ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓപ്പണറായി ഇറങ്ങി തുടര്‍ച്ചയായ ടെസ്റ്റുകളില്‍ സെഞ്ചുറി നേടിയത്. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി അടിച്ച മായങ്ക് തന്റെ ആദ്യ സെഞ്ചുറി തന്നെ ഡബിള്‍ സെഞ്ചുറിയാക്കി മാറ്റിയ നാലാമത്തെ ഇന്ത്യന്‍ താരമായിരുന്നു.

ദിലീപ് സര്‍ദേശായി, വിനോദ് കാംബ്ലി, കരുണ്‍ നായര്‍ എന്നിവരാണ് തന്റെ ആദ്യ സെഞ്ചുറി തന്നെ ഡബിളാക്കി മാറ്റിയത്. ഇതില്‍ കരുണ്‍ നായര്‍ തന്റെ ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിള്‍ സെഞ്ചുറിയാക്കി മാറ്റിയിരുന്നു.