പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചുറി ഇന്നിങ്‌സിനോടൊപ്പം ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ തേടിയെത്തിയത് ചെറുതല്ലാത്തൊരു നേട്ടം. ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം ആദ്യ പത്ത് ഇന്നിങ്‌സുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് മായങ്ക്. 10 ഇന്നിങ്‌സില്‍ 605 റണ്‍സാണ് മായങ്ക് നേടിയത്.

880 റണ്‍സ് നേടിയ വിനോദ് കാംബ്ലിയാണ് ഒന്നാമത്. 831 റണ്‍സ് നേടിയിട്ടുള്ള സുനില്‍ ഗവാസ്‌കര്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇവര്‍ക്ക് പിന്നിലാണ് മായങ്ക്. ചേതേശ്വര്‍ പൂജാര (570), സദഗോപന്‍ രമേഷ് (569), ശിഖര്‍ ധവാന്‍ (532), വിരേന്ദര്‍ സെവാഗ് (526), സൗരവ് ഗാംഗുലി (504) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 

കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ് മായങ്ക് ഇന്ന് സ്വന്തമാക്കിയത്. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ മായങ്ക് ഇരട്ട സെഞ്ചുറി നേടിയിരുന്നു.