കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സൗരവ് ഗാംഗുലിയുടെ മകള്‍ സന കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. എഴുത്തുകാരന്‍ ഖുശ്വന്ത് സിങ്ങിന്റെ 'ഇന്ത്യയുടെ അവസാനം' എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചായിരുന്നു സന ഗാംഗുലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. വിവാദമായതോടെ കുറിപ്പ് പെട്ടെന്ന് പിന്‍വലിക്കുകയും ചെയ്തു. 

സനയുടെ പോസ്റ്റിന് പിന്നാലെ വിശദീകരണവുമായി ബിസിസിഐ പ്രസിഡന്‍റും ഇന്ത്യന്‍ മുന്‍ നായകനമുായ സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. 'വിവാദങ്ങളിലേക്ക് മകൾ സനയെ വലിച്ചിഴയ്‌ക്കരുത്, മകൾക്ക് രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായം ആയിട്ടില്ല' എന്നായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. എന്നാല്‍ ഗാംഗുലിയുടെ ഈ നിലപാടിനെ വിമര്‍ശിക്കുകയാണ് സിപിഎം നേതാവ് എം ബി രാജേഷ്. "ഇപ്പോൾ എനിക്ക് ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അച്ഛനെന്ന നിലയിൽ മാത്രമാണ് എന്ന് എം ബി രാജേഷ് ഫേസ്‌ബുക്കില്‍ കുറിച്ചു". 

എം ബി രാജേഷിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'സൗരവ് ഗാംഗുലി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, എന്റെ ഹൃദയം കവർന്ന ഇന്ത്യൻ ക്രിക്കറ്ററായിരുന്നു.എന്നാൽ ബിസിസിഐ പ്രസിഡൻറ് പദവിക്കായി ഉപജാപങ്ങളുടെ ഭാഗമായ ഗാംഗുലി എന്നെ നിരാശനാക്കി.എന്നാൽ ഇന്ന് ഗാംഗുലിയുടെ മകൾ സന അവളുടെ ധീരമായ നിലപാട് കൊണ്ട് എന്റെ ഹൃദയം കവരുന്നു. ഖുഷ്വന്ത് സിങ്ങിന്റെ പുസ്തകം ഉദ്ധരിച്ചു കൊണ്ടാണ് സന ഇന്ത്യക്ക് അന്ത്യം കുറിക്കാനുള്ള സംഘ പരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചത്. കളിക്കുന്ന കാലത്ത് ഗാംഗുലി ക്രീസിൽ നിന്ന് ചാടിയിറങ്ങി ബാറ്റ് വീശിയാൽ പന്ത് ഗ്യാലറിയിൽ നോക്കിയാൽ മതിയായിരുന്നു. ക്രീസ് വിട്ടിറങ്ങി ആഞ്ഞടിച്ച ആ കാലം പിന്നിട്ട ഗാംഗുലി ഇപ്പോൾ അധികാരത്തിന്റെ ക്രീസിൽ തളച്ചിടപ്പെട്ടിരിക്കുന്നു. പക്ഷേ പതിനെട്ടുകാരി മകൾ ചീറിപ്പാഞ്ഞു വന്ന ഫാസിസ്റ്റ്‌ രാഷട്രീയത്തിന്റെ ധാർഷ്ട്യത്തെ തൂക്കിയടിച്ചിരിക്കുന്നു. പഴയ ഗാംഗുലിയെപ്പോലെ. മനോഹരമായ കവർ ഡ്രൈവുകളും സ്ക്വയർ കട്ടുകളും കളിച്ചിരുന്ന ഗാംഗുലിയെക്കുറിച്ച് ഒരിക്കൽ രാഹുൽ ദ്രാവിഡാണ് പറഞ്ഞത് ഓഫ് സൈഡിൽ ദൈവം കഴിഞ്ഞാൽ പിന്നെ ഗാംഗുലിയേയുള്ളൂവെന്ന്. എന്നാൽ ഈ നിർണ്ണായക ചരിത്ര സന്ദർഭത്തിൽ നീതിയുടെ പക്ഷത്ത്, പൊരുതുന്ന മനുഷ്യരുടെ പക്ഷത്ത് ഗാംഗുലിയില്ല. പക്ഷേമകൾ സന അവർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. വിഖ്യാതമായ ലോർഡ്സിലെ മൈതാനത്ത് ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന്റെ ആഹ്ലാദം ഷർട്ടൂരി വീശി പ്രകടിപ്പിച്ച അന്നത്തെ റിബൽ ഇന്ന് മകളോട് അഭിപ്രായം പറയരുതെന്ന് വിലക്കുമ്പോൾ അവൾ റിബലായി നിലപാട് ഉറക്കെ പറയുന്നു. മകൾ അഛനേക്കാൾ ധീരതയും വിവേകവും സത്യസന്ധതയും പുലർത്തുന്നു. ഇപ്പോൾ എനിക്ക് ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അച്ഛനെന്ന നിലയിൽ മാത്രമാണ്'.

പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യമാകെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കവെയാണ് പ്രതികരണവുമായി സന ഗാംഗുലി രംഗത്തെത്തിയത്. 'ഇന്ന് നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ അടുത്ത ലക്ഷ്യം നമ്മളാകാം. അത് ചിലപ്പോള്‍ സ്‌ത്രീകളുടെ വസ്‌ത്രമാകാം, ജനങ്ങളുടെ ഭക്ഷണമാകാം, മദ്യമാകാം, വിദേശ സിനിമകള്‍ കാണുന്നവരെയാകാം' എന്നായിരുന്നു സന ഗാംഗുലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.