മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസവാര്‍ത്തയുമായി മുന്‍ ഓസീസ് പരിശീലകന്‍ ഡാരന്‍ ലീമാന്‍. അഡ്‌ലെയ്ഡില്‍ ഇന്ത്യയെ ചതിച്ചത് അപ്രതീക്ഷിത ബൗണ്‍സാണെന്നും എന്നാല്‍ മെല്‍ബണില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് അനുകൂലമായ രീതിയില്‍ ഫ്ലാറ്റ് പിച്ചാണെന്നും ലീമാന്‍ പറ‍ഞ്ഞു.

അഡ്‌ലെയ്ഡില്‍ ഇന്ത്യയെ കുഴക്കിയത് ബൗണ്‍സാണ്. എന്നാല്‍ മെല്‍ബണിലെ ഡ്രോപ്പ് ഇന്‍ പിച്ച് ഇന്ത്യയുടെ ബാറ്റിംഗിനെ തുണക്കുന്ന രീതിയില്‍ ഫ്ലാറ്റ് പിച്ചാണ്. എങ്കിലും മെല്‍ബണില്‍ തിരിച്ചുവരാന്‍ ഇന്ത്യ വിയര്‍പ്പൊഴുക്കേണ്ടിവരും. ബാറ്റിംഗ് നിരയില്‍ ആരെങ്കിലും പിടിച്ചു നിന്നാല്‍ മാത്രമെ ഇന്ത്യക്ക് മെല്‍ബണില്‍ തിരിച്ചടിക്കാന്‍ കഴിയൂവെന്നും ലീമാന്‍ പറഞ്ഞു.

മെല്‍ബണിലെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സാവും നിര്‍ണായകമാകുക. ഇന്ത്യക്ക് മികച്ച കളിക്കാരുണ്ട്. അതുകൊണ്ടുതന്നെ ആദ്യ ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നേടാനായാല്‍ ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ചുവരാനാകുമെന്നും ലീമാന്‍ പറഞ്ഞു.

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും രണ്ടാം ഇന്നിംഗ്സില്‍ 36 റണ്‍സിന് പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. എട്ട് വിക്കറ്റ് ജയം നേടിയ ഓസ്ട്രേലിയ നാലു മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.