ഭുവനേശ്വര്‍: പരിശീലനത്തിനിടെ ക്രിക്കറ്റ് പന്ത് തലയില്‍ കൊണ്ട് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ഒഡീഷയിലെ കോരാപുത് ജില്ലിയിലെ എസ്എല്‍എന്‍ മെഡിക്കല്‍ കോളേജ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ബിശ്വബൂഷന്‍ സാഹുവാണ് മരിച്ചത്. ഗഞ്ജം ജില്ലയിലെ എംകെസിജി മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിടെയാണ് വെള്ളിയാഴ്‌ച രാവിലെ അപകടമുണ്ടായത്. ബാറ്റ് ചെയ്യവെ സാഹുവിന്‍റെ ചെവിക്ക് സമീപം പന്ത് പതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും പന്ത് കൊണ്ടയുടനെ സാഹു ബോധരഹിതനായി. സുഹൃത്തുക്കള്‍ ചേര്‍ന്ന് സാഹുവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സാഹുവിന്‍റെ മരണത്തില്‍ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കിതായി ദേശീയ മാധ്യമമായ ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തു. ക്രിക്കറ്റ് ബോള്‍ തലയിലേറ്റ് മുന്‍പും താരങ്ങള്‍ക്ക് ജീവന്‍ നഷ്‌ടമായിട്ടുണ്ട്.