ബ്രിസ്‌ബേന്‍: ജസ്പ്രീത് ബുമ്ര നാളെ ഓസ്‌ട്രേലിയക്കെതിരെ കളിക്കുമോ ഇല്ലയോ എന്ന് ഉറപ്പുപറയാതെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. മത്സരത്തിന് തൊട്ടുമുമ്പ് മാത്രമെ ബുമ്രയുടെ കാര്യത്തില്‍ തീരുമാനമാവൂവെന്ന് ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍ വ്യക്തമാക്കി. മെഡിക്കല്‍ സംഘം അദ്ദേഹത്തെ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ബുമ്ര ഇന്ന് പരിശീലനത്തിനിറങ്ങി.

പൂര്‍ണമായും ഫിറ്റായെങ്കില്‍ മാത്രമെ ബുമ്രയെ ടീമില്‍ ഉള്‍പ്പെടുത്തുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അല്ലാതെ കളിപ്പിച്ചാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരത്തിന് പുറത്തിരിക്കേണ്ടിവരും. ഫെബ്രുവരി അഞ്ചിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നത്. ആ ഭീതികൊണ്ടാണ് താരത്തെ ഉള്‍പ്പെടുത്തേണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമായിട്ടില്ലെന്നാണ് റാത്തോര്‍ പറയുന്നത്. 

റാത്തോര്‍ പറഞ്ഞതിങ്ങനെ.. ''ബുമ്രയുടെ കാര്യത്തില്‍ ഒരുറപ്പും പറയാന്‍ ആയിട്ടില്ല. ഇപ്പോഴും മെഡിക്കല്‍ ടീം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദഹേത്തിന് കളിക്കാനാകുമോ ഇല്ലയോ എന്നുള്ള കാര്യം മത്സരത്തിന് തൊട്ടുമുമ്പുള്ള നിമിഷം മാത്രമേ പറയാന്‍ സാധിക്കൂ.'' റാത്തോര്‍ പറഞ്ഞു.

നാളെ ഇറങ്ങാന്‍ പോകുന്ന ടീം ശക്തമായിരിക്കുമെന്നും റാത്തോര്‍ വ്യക്തമാക്കി... ''പരിക്കുണ്ടെങ്കിലും ഇല്ലെങ്കിലും നാളെ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങാന്‍ പോകുന്നത് ശക്തമായ ടീമായിരിക്കും. എല്ലാവര്‍ക്കും കളിക്കാന്‍ അവസരം തെളിയണം. ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇപ്പോഴുള്ളവരെല്ലാം കഴിവുള്ളവരാണ്. ആരേയും കുറച്ച് കാണേണ്ടതില്ല.'' മികച്ച പ്രകടനം അവര്‍ക്ക് നടത്താനാകുമെന്ന് എനിക്കുറപ്പുണ്ട്.'' റാത്തോര്‍ വ്യക്തമാക്കി. 

നാളെ ബ്രിസ്‌ബേനിലാണ് പരമ്പരയില്‍ നിര്‍ണായകമായ നാലാം ടെസ്റ്റ്. പരമ്പരയില്‍ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ചുക്കഴിഞ്ഞു. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ഇന്ത്യന്‍ സമയം രാവിലെ 5.30നാണ് മത്സരം ആരംഭിക്കുക.