ദുബായ്: കായികലോകം കൊവിഡ് 19 ഭീതിയിലാണെങ്കിലും ഈ വർഷത്തെ ട്വന്‍റി 20 ലോകകപ്പ് മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഓസ്ട്രേലിയയിൽ ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ട്വന്റി 20 ലോകകപ്പ് നടക്കേണ്ടത്. ഏഴ് വേദികളിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.

ഇതേസമയം, പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റ് നിർത്തിവച്ചു. കറാച്ചി കിംഗ്സിന്റെ ഇംഗ്ലണ്ട് താരം അലക്സ് ഹെയ്ൽസ് കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ലീഗ് നിർത്തിവച്ചത്. ഹെയ്ൽസ് ഇംഗണ്ടിലേക്ക് മടങ്ങി. ഇതിന് പിന്നാലെ താരങ്ങളും കമന്‍റേറ്റ‍ർമാരും ഉൾപ്പടെയുള്ളവർ വൈദ്യപരിശോധനയ്ക്ക് വിധേയരായി. പാകിസ്ഥാന്റെ മുൻ ക്യാപ്റ്റനും കമന്‍റേറ്ററുമായ റമീസ് രാജയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

പിഎസ്എല്ലിൽ ഇന്നും നാളെയും സെമിഫൈനൽ നടക്കാനിരിക്കേയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ടൂർണമെന്‍റ് നിർത്തിവച്ചത്.

നേരത്തെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഉള്‍പ്പടെയുള്ള മത്സരങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇംഗ്ലണ്ടിന്‍റെ ശ്രീലങ്കന്‍ പര്യടനവും ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് പരമ്പരയും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും ഉള്‍പ്പെടുന്ന ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് ടി20 ലീഗും പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇന്ത്യന്‍ പ്രീമിയർ ലീഗ് ഏപ്രില്‍ 15 വരെ മാറ്റിവച്ചിരിക്കുകയാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക