Asianet News MalayalamAsianet News Malayalam

ഹൈദരാബാദിലെ വെടിക്കെട്ട്! ധോണിക്കൊപ്പം സുപ്രധാന റെക്കോര്‍ഡ് പങ്കിട്ട് ബ്രേസ്‌വെല്‍

12 ഫോറും പത്ത് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ബ്രേസ്‌വെല്ലിന്റെ ഇന്നിംഗ്‌സ്. ഏകദിനത്തില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറിയായിരുന്നിത്.  ഇന്നിംഗ്‌സിന് പിന്നാലെ ചില നേട്ടങ്ങളുടെ പട്ടികയില്‍ താരം ഇടംപിടിച്ചിരുന്നു.

michael bracewell shares special record with ms dhoni after century against india
Author
First Published Jan 19, 2023, 5:05 PM IST

ഹൈദരാബാദ്: ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡ് തോല്‍ക്കുമെന്ന് ഉറപ്പിച്ചിരിക്കെ വിജയപ്രതീക്ഷ നല്‍കിയത് മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ ഇന്നിംഗ്‌സായിരുന്നു. 350 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡ് 12 റണ്‍സിന്റെ നേരിയ വ്യത്യാസത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. ബ്രേസ്‌വെല്‍ 78 പന്തില്‍ 140 റണ്‍സുമായി അവസാന പുറത്തായി. ഒരു ഘട്ടത്തില്‍ ആറിന് 131 എന്ന നിലയിലേക്ക് ന്യൂസിലന്‍ഡ് വീണിരുന്നു. പിന്നീട് ബ്രേസ്‌വെല്ലിന്റെ ബാറ്റിംഗ് കരുത്തില്‍ 337 റണ്‍സ് അടിച്ചെടുക്കാനായി. 

12 ഫോറും പത്ത് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ബ്രേസ്‌വെല്ലിന്റെ ഇന്നിംഗ്‌സ്. ഏകദിനത്തില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറിയായിരുന്നിത്.  ഇന്നിംഗ്‌സിന് പിന്നാലെ ചില നേട്ടങ്ങളുടെ പട്ടികയില്‍ താരം ഇടംപിടിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ടതൊന്ന് മുന്‍ ഇന്ത്യന്‍ താരം എം എസ് ധോണിക്കൊപ്പം ഒരു റെക്കോര്‍ഡ് പങ്കിടാനായെന്നാണ്. ഏകദിനത്തില്‍ ഏഴാമതോ അതിന് താഴെയോ ബാറ്റ് ചെയ്ത് ഒന്നില്‍ കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമായി ബ്രേസ്‌വെല്‍. ധോണി മാത്രമാണ് രണ്ട് സെഞ്ചുറികള്‍ നേടിയിട്ടുള്ള ഏകതാരം. 

മാത്രമല്ല, ഏഴാം നമ്പറിലോ അതിന് താഴെയോ ബാറ്റ് ചെയ്ത് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കുന്ന പട്ടികയില്‍ ബ്രേസ്‌വെല്‍ മൂന്നാമനായി. ഇക്കാര്യത്തില്‍ മുന്‍ ന്യൂസിലന്‍ഡ് താരം ലൂക്ക് റോഞ്ചിയാണ് ഒന്നാമന്‍. 2015ല്‍ ശ്രീലങ്കയ്‌ക്കെതിരെ റോഞ്ചി പുറത്താവാതെ 170 റണ്‍സ് നേടി. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയിനിസ് രണ്ടാമതുണ്ട്. 2017ല്‍ ഓക്‌ലന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരെ പുറത്താവാതെ 146 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. ശ്രീലങ്കയുടെ തിസാര പെരേര, ബ്രേസ്‌വെല്ലിനൊപ്പം മൂന്നാമത്. 2019ല്‍ ന്യൂസിലന്‍ഡിനെതിരെ തന്നെയായിരുന്നു ഈ നേട്ടം.

ആറാം വിക്കറ്റ് നഷ്ടമായതിന് ശേഷം 206 റണ്‍സാണ് ന്യൂസിലന്‍ഡ് കൂട്ടിചേര്‍ത്തത്. ന്യൂസിലന്‍ഡ് ടീമിന് അഭിമാനിക്കാവുന്ന നേട്ടമാണിത്. ആറ് വിക്കറ്റുകള്‍ നഷ്ടമായ ശേഷം കൂടുതല്‍ റണ്‍സ് കൂട്ടിചേര്‍ക്കുന്ന കാര്യത്തില്‍ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനം പങ്കിട്ടു. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയാണ് ഒന്നാമത്. 2017ല്‍ ന്യൂസിലന്‍ഡിനെതിരെ ഓസീസ് 213 റണ്‍സ് കൂട്ടിചേര്‍ത്തു. ആറിന് 67 എന്ന നിലയിലായിരുന്ന ഓസീസ് മത്സരത്തില്‍ 280 റണ്‍സ് നേടി.

പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ റായ്‌പൂരില്‍; മത്സരത്തിന് മുമ്പ് രണ്ട് ആശങ്കകള്‍

Follow Us:
Download App:
  • android
  • ios