മെല്‍ബണ്‍: എക്കാലത്തെയും മികച്ച എതിരാളികളുടെ ടെസ്റ്റ് ടീമിനെ തെര‍ഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ മുന്‍ താരം മൈക് ഹസി. ഇന്ത്യയില്‍ നിന്ന് മൂന്ന് താരങ്ങളാണ് ഹസിയുടെ ടെസ്റ്റ് ടീമില്‍ ഇടം നേടിയത്. വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി എന്നിവരാണ് ഹസിയുടെ ടീമില്‍ ഇടം നേടിയ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. ടെസ്റ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ രാഹുല്‍ ദ്രാവിഡ് ഹസിയുടെ ടീമിലില്ല എന്നതും ശ്രദ്ധേയമാണ്.

ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഗ്രെയിം സ്മിത്തും സെവാഗുമാണ് ഹസിയുടെ ടീമിലെ ഓപ്പണര്‍മാര്‍. വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, ജാക്വിസ് കാലിസ്, കുമാര്‍ സംഗക്കാര എന്നിവരടങ്ങിയതാണ് ഹസിയുടെ ടെസ്റ്റ് ടീമിന്റെ ബാറ്റിംഗ് നിര.

Alos Read:ബ്രാഡ്‌മാനും സച്ചിനും കോലിക്കുമൊന്നും അതിനായിട്ടില്ല, അരവിന്ദ ഡിസില്‍വയുടെ അപൂര്‍വ ഡബിളിന് 23 വയസ്

ദക്ഷിണാഫ്രിക്കയുടെ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയിന്‍ മോണി മോര്‍ക്കല്‍, ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ എന്നിവരാണ് ഹസിയുടെ ബൗളിംഗ് നിരയിലുള്ളത്. ചെന്നൈ സൂപ്പര്‍ കിംഗ്സിലെ സഹതാരമായിരുന്ന എം എസ് ധോണിയെ ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും ടെസ്റ്റില്‍ സംഗക്കാരയുടെ പ്രഭാവം കണക്കിലെടുത്താണ് അദ്ദേഹത്തെ ടീമിലെടുത്തതെന്ന് ഹസി പറഞ്ഞു.

സംഗക്കാരക്ക് പകരം ധോണിയെയും ഡിവില്ലിയേഴ്സിനെയും ടീമിലേക്ക് പരിഗണിച്ചെങ്കിലും ഏകദിനത്തിലും ടി20യിലുമാണ് ഇരുവരുടെയും പ്രഭാവം കൂടുതല്‍ എന്നതിനാലാണ് സംഗക്കാരയെ ടീമിലെടുത്തതെന്ന് ഹസി പറഞ്ഞു.

Alos Read:ഇവരാണ് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏകദിന ക്രിക്കറ്റ് നിയന്ത്രിച്ച മികച്ച അഞ്ച് ഓപ്പണിംഗ് ജോഡികള്‍

നെറ്റ്സില്‍ സഹതാരങ്ങളായ ഗ്ലെന്‍ മക്‌ഗ്രാത്തിനെയും ബ്രെറ്റ് ലീയെയും ഷെയ്ന്‍ വോണിനെയും നേരിട്ട അനുഭവത്തെക്കുറിച്ചും ഹസി മനസ് തുറന്നു. സഹതാരമാണെന്ന യാതൊരു കരുണയുമില്ലാതെയാണ് അവര്‍ നെറ്റ്സില്‍ പന്തെറിയുക. അവിടെ നിങ്ങള്‍ അതിജീവിച്ചാല്‍ പിന്നെ ടെസ്റ്റില്‍ എത് ബൗളിംഗ് നിരയെയും അതിജീവിക്കാനാവുമെന്നും ഹസി പറഞ്ഞു.