ഐപിഎല്‍ തുടങ്ങാന്‍ ബിസിസിഐ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍
മുംബൈ: വനിതാ ഐപിഎല്‍ (Women’s IPL) എന്ന ആവശ്യം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സജീവമാണ്. എന്നാല്‍ തിടുക്കപ്പെട്ട് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിനോട് ബിസിസിഐക്ക് (BCCI) താല്‍പര്യമില്ല. പകരം വനിതാ ടി20 ചലഞ്ച് (Women’s T20 Challenge) ഈ സീസണിലും സംഘടിപ്പിക്കുമെന്നാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ (Sourav Ganguly) വാക്കുകള്‍. ഹര്‍മന്‍പ്രീത് കൗര്‍, സ്‌മൃതി മന്ഥാന, ജെമീമ റോഡ്രിഡസ്, ദീപ്‌തി ശര്‍മ്മ തുടങ്ങിയവര്‍ വനിതാ ഐപിഎല്ലിനായി നേരത്തെ വാദിച്ചിരുന്നു.
എന്നാല്‍ സമ്പൂര്‍ണ വനിതാ ഐപിഎല്‍ തുടങ്ങാന്‍ ബിസിസിഐ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകനും കമന്‍റേറ്ററുമായ മൈക്കല്‍ വോണ്‍. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സൗരവ് ഗാംഗുലിയോട് വോണ്‍ ട്വിറ്ററില്‍ അഭ്യര്‍ഥിച്ചു.
മെയ് മാസത്തില്‍ ഐപിഎൽ പ്ലേഓഫിനിടെ വനിതാ ചലഞ്ച് സംഘടിപ്പിക്കുമെന്ന് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ലീഗ് തുടങ്ങാന്‍ ആവശ്യമായ വനിതാ കളിക്കാര്‍ രാജ്യത്ത് ഉണ്ടായാലേ വനിതാ ഐപിഎൽ തുടങ്ങൂവെന്നും ദാദ പറഞ്ഞു. മൂന്ന് ടീമുകളാണ് വനിതാ ടി20 ചലഞ്ചില്‍ സാധാരണയായി മത്സരിക്കുന്നത്. മാര്‍ച്ച് അവസാന വാരം ഐപിഎല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരങ്ങള്‍ ഇന്ത്യയില്‍തന്നെ നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
വനിതാ ഐപിഎല്‍ തുടങ്ങണമെന്ന് ന്യൂസിലന്‍ഡ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സൂസീ ബേറ്റ്‌സ് അടുത്തിടെ ആവശ്യമുന്നയിച്ചിരുന്നു. 'വനിതാ ഐപിഎല്‍ ആരംഭിക്കുന്നത് കാണാനാഗ്രഹിക്കുന്നു. വനിതാ ഐപിഎല്ലിന് സ്‌ത്രീകളുടെ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ കഴിയും. വിദേശ താരങ്ങളുടെ പങ്കാളിത്തം മാത്രമല്ല, ഇന്ത്യന്‍ വനിതാ ടീമിനും ഇത് ഗുണകരമാണ്. വനിതാ ഐപിഎല്ലാണ് ക്രിക്കറ്റിന്‍റെ വലിയ നഷ്‌ട'മെന്നും സൂസി വ്യക്തമാക്കി.
