വനിതാ ഐപിഎല്‍ തുടങ്ങണമെന്ന് ന്യൂസിലന്‍ഡ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സൂസീ ബേറ്റ്‌സ് അടുത്തിടെ ആവശ്യമുന്നയിച്ചിരുന്നു

മുംബൈ: വനിതാ ഐപിഎൽ (Women’s IPL) തുടങ്ങുന്നതിനെ കുറിച്ച് വ്യക്തത നൽകാതെ ബിസിസിഐ (BCCI). ലീഗ് തുടങ്ങാന്‍ ആവശ്യമായ വനിതാ കളിക്കാര്‍ രാജ്യത്ത് ഉണ്ടായാലേ വനിതാ ഐപിഎൽ തുടങ്ങൂവെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി (Sourav Ganguly) പറഞ്ഞു. തത്ക്കാലം വനിതാ ടി20 ചലഞ്ച് (Women’s T20 Challenge) നടത്തുന്നതിനെ കുറിച്ചാണ് ആലോചന. മെയ് മാസത്തില്‍ ഐപിഎൽ പ്ലേഓഫിനിടെ (IPL 2022) വനിതാ ചലഞ്ച് സംഘടിപ്പിക്കുമെന്നും ഗാംഗുലി സ്‌പോര്‍ട്‌സ് സ്റ്റാറിനോട് വ്യക്തമാക്കി.

വനിതാ ഐപിഎല്‍ തുടങ്ങണമെന്ന് ന്യൂസിലന്‍ഡ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സൂസീ ബേറ്റ്‌സ് അടുത്തിടെ ആവശ്യമുന്നയിച്ചിരുന്നു. 'വനിതാ ഐപിഎല്‍ ആരംഭിക്കുന്നത് കാണാനാഗ്രഹിക്കുന്നു. വനിതാ ഐപിഎല്ലിന് സ്‌ത്രീകളുടെ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ കഴിയും. വിദേശ താരങ്ങളുടെ പങ്കാളിത്തം മാത്രമല്ല, ഇന്ത്യന്‍ വനിതാ ടീമിനും ഇത് ഗുണകരമാണ്. വനിതാ ഐപിഎല്ലാണ് ക്രിക്കറ്റിന്‍റെ വലിയ നഷ്‌ട'മെന്നും സൂസി വ്യക്തമാക്കി. 

ഐപിഎല്ലിനെ കുറിച്ച് ദാദ

ഐപിഎല്‍ പതിനഞ്ചാം സീസണിന്‍റെ ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി സൂചന നല്‍കി. ഐപിഎല്‍ 2022ന്‍റെ മത്സരക്രമം ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. മാര്‍ച്ച് അവസാന വാരത്തോടെ ടൂര്‍ണമെന്‍റ് ആരംഭിക്കാനാണ് പദ്ധതിയിടുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമുണ്ടാകുമോ എന്ന കാര്യത്തില്‍ ദാദ സൂചനകള്‍ നല്‍കിയില്ല.

സീസണിന് മുന്നോടിയായി ബെംഗളൂരുവില്‍ ഫെബ്രുവരി 13, 14 തീയതികളില്‍ മെഗാ താരലേലം നടക്കും. ലേലത്തില്‍ പങ്കെടുക്കുന്ന 590 താരങ്ങളില്‍ 228 പേര്‍ ക്യാപ്‌ഡ് കളിക്കാരും 355 പേര്‍ അണ്‍ക്യാപ്‌ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയില്‍ പേരുകാരായി. ആകെ താരങ്ങളില്‍ 370 പേരാണ് ഇന്ത്യയില്‍ നിന്നുള്ളത്. 220 താരങ്ങള്‍ വിദേശികള്‍. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിയില്‍ 48 താരങ്ങളുണ്ട്. 1.5 കോടി അടിസ്ഥാന വില 20 താരങ്ങളും ഒരു കോടി 34 താരങ്ങളും തെര‍ഞ്ഞെടുത്തു. 

പഞ്ചാബിന് 23ഉം രാജസ്ഥാനും ബാംഗ്ലൂരിനും ഹൈദരാബാദിനും അഹമ്മദാബാദിനും ലക്‌നോവിനും 22 വീതവും ചെന്നൈക്കും ഡല്‍ഹിക്കും കൊല്‍ക്കത്തയ്‌ക്കും മുംബൈക്കും 21 വീതവും താരങ്ങളേയാണ് ലേലത്തില്‍ സ്വന്തമാക്കാനാവുക. പഞ്ചാബിന് എട്ടും കൊല്‍ക്കത്തയ്‌ക്ക് ആറും മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് ഏഴ് വീതവും വിദേശ താരങ്ങളെ പാളയത്തിലെത്തിക്കാം. മലയാളി പേസര്‍ എസ് ശ്രീശാന്തിന്‍റെ പേര് അന്തിമപട്ടികയിലുണ്ട് എന്നത് ശ്രദ്ധേയമാണ്. 

Covid outbreak in India camp: ടീമിലെ കൊവിഡ് വ്യാപനം; ആരാധകര്‍ക്ക് 'പോസിറ്റീവ്' വാര്‍ത്തയുമായി ശിഖര്‍ ധവാന്‍