റാഞ്ചിയില്‍ കോലി ഏകദിന കരിയറിലെ 41-ാം സെഞ്ചുറി നേടിയതിന് പിന്നാലെയായിരുന്നു വിഖ്യാത താരം നിലപാട് വ്യക്തമാക്കിയത്.
റാഞ്ചി: ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആര്. സര്‍ ഡോണ്‍ ബ്രാഡ്മാന്‍ മുതല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ ഇതിഹാസങ്ങളുടെ പേര് ക്രിക്കറ്റ് വിദഗ്‌ധര്‍ പലകുറി ചര്‍ച്ച ചെയ്തു. എന്നാല്‍ പുതിയ കാലത്തെ വിസ്മയമായ വിരാട് കോലിയിലേക്ക് ഉറ്റുനോക്കുകയാണ് ഇപ്പോള്‍ ക്രിക്കറ്റ് പണ്ഡിതര്‍. ഇത് ശരിവെക്കുന്ന നിരീക്ഷണമാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ നടത്തുന്നത്.
റാഞ്ചിയില്‍ കോലി ഏകദിന കരിയറിലെ 41-ാം സെഞ്ചുറി നേടിയതിന് പിന്നാലെയായിരുന്നു വിഖ്യാത താരം നിലപാട് വ്യക്തമാക്കിയത്. കോലി എക്കാലത്തെയും മികച്ച താരമാണ് എന്നായിരുന്നു ഇംഗ്ലീഷ് ഇതിഹാസത്തിന്‍റെ ട്വീറ്റ്. ബ്രാഡ്‌മാന്‍, സച്ചിന്‍, ലാറ എന്നിവരേക്കാള്‍ കേമനാണോ കോലി എന്ന ഒരു ആരാധകന്‍റെ ചോദ്യവും പിന്നാലെയെത്തി. ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം കോലി തന്നെയെന്ന് മൈക്കല്‍ വോണ്‍ കുറിച്ചു.
ഏകദിനത്തില്‍ 41 സെഞ്ചുറികളാണ് ഇന്ത്യന്‍ നായകന്‍ ഇതിനകം നേടിയത്. റാഞ്ചിയില്‍ ഓസ്‌ട്രേലിയയുടെ 314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി കോലി 123 റണ്‍സെടുത്തു. ഓസ്‌ട്രേലിയക്കെതിരെ കോലിയുടെ എട്ടാം സെഞ്ചുറിയായിരുന്നു ഇത്. ഇക്കാര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കോലി മറികടക്കുകയും ചെയ്തു. എന്നാല്‍ മത്സരത്തില്‍ തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി.
