ഫോക്‌സ് ക്രിക്കറ്റിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് രവീന്ദ്ര ജഡേജയ്‌ക്കെതിരെ മൈക്കല്‍ വോണിന്‍റെ ചോദ്യം
നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം വിവാദപ്പുകില്‍. മത്സരത്തില്‍ ഓസീസിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് പിഴുത ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്കെതിരെയാണ് ആരോപണം. മത്സരത്തിനിടെ ജഡേജ വിരലില്‍ എന്തോ പുരട്ടുകയോ ഉരയ്‌ക്കുകയോ ചെയ്‌തു എന്ന് സംശയം തോന്നിപ്പിക്കുന്ന വീഡിയോയുമായി ഓസ്ട്രേലിയന്‍ മാധ്യമങ്ങളും ഒരുകൂട്ടം ആരാധകരും രംഗത്തെത്തിയതാണ് കാരണം. ഇതിന് പിന്നാലെ ജഡ്ഡുവിനെതിരെ ചോദ്യമുയര്‍ത്തി ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ രംഗത്തെത്തുകയും ചെയ്‌തു.
ഫോക്‌സ് ക്രിക്കറ്റിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് രവീന്ദ്ര ജഡേജയ്‌ക്കെതിരെ മൈക്കല്‍ വോണിന്‍റെ ഒളിയമ്പ്. 'ഇന്ത്യ-ഓസീസ് ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സിനിടയില്‍ കണ്ട സംശയാസ്‌പദമായ ഒരു സംഭവം ചര്‍ച്ചയാവുന്നു' എന്നായിരുന്നു ഫോക്‌സ് ക്രിക്കറ്റിന്‍റെ ട്വീറ്റ്. ഇതിനെ കുറിച്ചുള്ള മൈക്കല്‍ വോണിന്‍റെ പ്രതികരണമാണ് വിവാദം ചൂടുപിടിപ്പിക്കുന്നത്. 'തന്‍റെ സ്‌പിന്നിംഗ് വിരലില്‍ ജഡേജ എന്താണ് പുരട്ടുന്നത്? മുമ്പൊരിക്കലും ഇത് കണ്ടിട്ടില്ല' എന്നായിരുന്നു ഫോക്‌സ് ക്രിക്കറ്റിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടുള്ള വോണിന്‍റെ റീ-ട്വീറ്റിലെ വാക്കുകള്‍.
നാഗ്‌പൂരില്‍ പുരോഗമിക്കുന്ന ഇന്ത്യ-ഓസീസ് ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ 22 ഓവര്‍ പന്തെറിഞ്ഞ രവീന്ദ്ര ജഡേജ 47 റണ്‍സിന് അഞ്ച് വിക്കറ്റ് പേരിലാക്കിയിരുന്നു. ഓസീസിന്‍റെ ബാറ്റിംഗ് വന്‍മതിലുകളായ മാര്‍നസ് ലബുഷെയ്‌നെയും സ്റ്റീവ് സ്‌മിത്തിനേയും കൂടാതെ മാറ്റ് റെന്‍ഷോ, പീറ്റന്‍ ഹാന്‍ഡ്‌സ്കോമ്പ്, ടോഡ് മര്‍ഫി എന്നിവരെയും ജഡ്ഡു പുറത്താക്കി. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷമുള്ള മടങ്ങിവരവിലാണ് ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനം. ജഡേജയുടെ അഞ്ചിന് പുറമെ രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും നേടിയപ്പോള്‍ നാഗ്‌പൂരില്‍ ഓസീസ് ആദ്യ ഇന്നിംഗ്‌സില്‍ 63.5 ഓവറില്‍ 177 റണ്‍സില്‍ ഓള്‍ഔട്ടായി.
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ഉസ്‌മാന്‍ ഖവാജയും ഒരു റണ്‍സ് വീതമെടുത്ത് പുറത്തായപ്പോള്‍ മൂന്നാമനായി ക്രീസിലെത്തി 123 പന്തില്‍ 49 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്‌നാണ് സന്ദര്‍ശകരുടെ ടോപ് സ്കോറര്‍. സ്റ്റീവ് സ്‌മിത്ത് 107 പന്തില്‍ 37 ഉം പീറ്റന്‍ ഹാന്‍ഡ്‌സ്‌കോമ്പ് 84 പന്തില്‍ 31 ഉം അലക്‌സ് ക്യാരി 33 പന്തില്‍ 36 ഉം റണ്‍സെടുത്തപ്പോള്‍ മറ്റാരെയും രണ്ടക്കം കാണാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.
ബൗളിംഗിനിടെ വിരലില്‍ എന്തോ ഉരച്ച് ജഡേജ? വൈറലായി വീഡിയോ, ആരോപണവുമായി ഓസീസ് മുന്‍ നായകന്‍
