ആന്റിഗ്വ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് വിന്‍ഡീസ് ബാറ്റ്സ്മാന്‍ മിഗ്വയ്ല്‍ കമിന്‍സ്. പത്താമനായി ക്രീസിലെത്തിയ കമിന്‍സ് ക്യാപ്റ്റണ്‍ ജേസണ്‍ ഹോള്‍ഡര്‍ക്കൊപ്പം 41 റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളിയായി ഇന്ത്യക്ക് തലവേദന സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇതില്‍ കമിന്‍സിന്റെ സംഭാവന പൂജ്യമാണ്. 45 പന്ത് നേരിട്ട കമിന്‍സ് വിന്‍ഡീസിന്റെ അവസാന ബാറ്റ്സ്മാനായി പുറത്താവുമ്പോള്‍ റണ്ണൊന്നും എടുത്തിരുന്നില്ല.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ക്രീസില്‍ ചെലവഴിച്ച സമയത്തിന്റെ അടിസ്ഥാനത്തില്‍ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ഡക്ക് എന്ന റെക്കോര്‍ഡ് കമിന്‍സിന്റെ പേരിലായി. 95 മിനിട്ട് ക്രീസില്‍ നിന്നിട്ടും ഒരു റണ്‍ പോലും വ്യക്തിഗത സ്കോറില്‍ കമിന്‍സ് കൂട്ടിച്ചേര്‍ത്തില്ല. ന്യൂസിലന്‍ഡിന്റെ ജെഫ് അലോട്ടിന്റെ പേരിലാണ് ടെസ്റ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡക്കിന്റെ റെക്കോര്‍ഡ്. 1999ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 101 മിനിട്ട് ക്രീസില്‍ നിന്നിട്ടും അലോട്ടിന് റണ്ണൊന്നും നേടാനായിരുന്നില്ല.

ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട് പൂജ്യനായി പുറത്താവുന്ന ബാറ്റ്സ്മാന്‍മാരില്‍ വിന്‍ഡീസ് റെക്കോര്‍ഡും കമിന്‍സ്  ഇന്ന് കുറിച്ചു. 2002ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ 40 പന്തുകള്‍ നേരിട്ട് റണ്ണെടുക്കാതെ പുറത്തായ കീത്ത് ആതര്‍ട്ടന്റെ റെക്കോര്‍ഡാണ് കമിന്‍സ് ഇന്ന് തിരുത്തിയത്. രവീന്ദ്ര ജഡേജയാണ് ഒടുവില്‍ കമിന്‍സിന്റെ പ്രതിരോധം തകര്‍ത്ത് വിന്‍ഡീസ് ഇന്നിംഗ്സിന് തിരശീലയിട്ടത്.