സിഡ്‌നി: ലോക ക്രിക്കറ്റിലെ മികച്ച നായകന്‍മാരില്‍ രണ്ടുപേരാണ് റിക്കി പോണ്ടിംഗും എം എസ് ധോണിയും. ഇരുവരുടെയും ക്യാപ്റ്റന്‍സി റെക്കോര്‍ഡ് ഇത് തെളിയിക്കുന്നു. ധോണിക്ക് കീഴില്‍ ഇന്ത്യ ടി20, ഏകദിന ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കി. പോണ്ടിംഗിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഓസീസ് 2003ലും 2007ലും ലോകകപ്പുയര്‍ത്തി. 

ഇരുവരിലെയും മികച്ച നായകന്‍ ആരെന്ന് പറയുകയാണ് ഓസീസ് ഇതിഹാസം മൈക്ക് ഹസി. ഓസീസ് ടീമില്‍ പോണ്ടിംഗിന് കീഴിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ധോണിക്ക് കീഴിലും കളിച്ചിട്ടുണ്ട് ഹസി. 'ആരാണ് മികച്ചതെന്ന് പറയുക എളുപ്പമല്ല. എന്നാല്‍ മികച്ച നായകന്‍ റിക്കിയാണെന്ന് എനിക്ക് പറയാനാവും. ധോണിക്ക് കീഴില്‍ ഞാന്‍ ഏകദിനം കളിച്ചിട്ടില്ല. അതിനാല്‍ പോണ്ടിംഗിനെയാണ് തെരഞ്ഞെടുക്കുക'യെന്നും ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് ഹസി പറഞ്ഞു. 

ധോണിക്ക് കീഴില്‍ ഇന്ത്യ 199 ഏകദിനങ്ങളില്‍ 110 മത്സരങ്ങളില്‍ ജയിച്ചു. റിക്കി പോണ്ടിംഗാവട്ടെ 229 മത്സരങ്ങളില്‍ കങ്കാരുക്കളെ നയിച്ചപ്പോള്‍ 164 മത്സരങ്ങളില്‍ ജയിപ്പിക്കാനായി. ഏകദിനത്തില്‍ ധോണിയുടെ വിജയശരാശരി 59.52ഉം പോണ്ടിംഗിന്‍റേത് 76.14ഉം ആണ്. നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് 80 മത്സരങ്ങളില്‍ 58 ജയവും 75.00 വിജയശരാശരിയുമുണ്ട്.