പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ 13 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ വിപ്രജ് നിഗം ബൗണ്ടറി നേടി. രണ്ടാം പന്തില്‍ നിഗം പുറത്തായി.

ദില്ലി: ഐപിഎല്ലിൽ ആരാധകരെ മുൾമുനയിൽ നിർത്തിയ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് ഒരു റണ്ണിന്‍റെ ആവേശജയം സ്വന്തമാക്കിയപ്പോള്‍ വിനയായത് ഡേവിഡ് മില്ലറുടെ അമിത ആത്മവിശ്വാസം. അവസാന രണ്ടോവറില്‍ 36 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് സിറാജ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 23 റണ്‍സടിച്ച മില്ലറും വിപ്രജ് നിഗമും ചേര്‍ന്നാണ് ഡല്‍ഹിയെ അവിശ്വസനീയ വിജയത്തിന് അടുത്തെത്തിച്ചത്.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ 13 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ വിപ്രജ് നിഗം ബൗണ്ടറി നേടി. രണ്ടാം പന്തില്‍ നിഗം പുറത്തായി. മൂന്നാം പന്തില്‍ കുല്‍ദീപ് സിംഗിളെടുത്ത് സ്ട്രൈക്ക് മില്ലര്‍ക്ക് കൈമാറി. നാലാം പന്തില്‍ നോ ലുക്ക് സിക്സറിലൂടെ മില്ലര്‍ ലക്ഷ്യം രണ്ട് പന്തില്‍ രണ്ടാക്കി. പിന്നീടായിരുന്നു ആന്‍റി ക്ലൈമാക്സ്. അനായാസം ജയിക്കാമായിരുന്ന അവസരത്തില്‍ അഞ്ചാം പന്തില്‍ അനായസ സിംഗിളെടുത്ത് സ്കോര്‍ തുല്യമാക്കാന്‍ അവസരം ലഭിച്ചിട്ടും മില്ലര്‍ അത് വേണ്ടെന്ന് വെച്ചു. ഇതോടെ ലക്ഷ്യം ഒരു പന്തില്‍ 2 റണ്ണായി. തകര്‍ത്തടിച്ച മില്ലര്‍ക്ക് അനായാസം നേടാവുന്ന കാര്യമെന്ന് ഗുജറാത്ത് താരങ്ങള്‍ പോലും കരുതിയിരിക്കെയാണ് പ്രസിദ്ധ് കൃഷ്ണ മനോഹരമായൊരു സ്ലോ ബൗൺസറിലൂടെ മില്ലറെ ബീറ്റണാക്കിയത്.

Scroll to load tweet…

ബോൾ മിസ്സായെങ്കിലും കുൽദീപ് യാദവ് സിംഗിളിനായി ഓടി. എന്നാൽ പന്ത് കൈക്കലാക്കിയ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ ഉന്നം തെറ്റാതെ നേരിട്ടുള്ള ത്രോയിലൂടെ കുൽദീപിനെ റണ്ണൗട്ടാക്കിയതോടെ ഗുജറാത്ത് ഒരു റണ്ണിന് വിജയം ഉറപ്പിച്ചു. സ്ലോ ബൗണ്‍സര്‍ വൈഡിനായി മില്ലര്‍ റിവ്യൂ എടുത്തത് ഗുജറാത്തിന്‍റെ വിജയാഘോഷം ഒന്ന് വൈകിപ്പിച്ചെങ്കിലും റിവ്യൂവില്‍ അത് വൈഡല്ലെന്ന് വ്യക്തമായതോടെ ഗുജറാത്ത് താരങ്ങള്‍ അവിശ്വസനീയ ജയത്തിന്‍റെ ആഘോഷത്തിലായി. 2024ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ വിജയത്തിനരികെ ഡേവിഡ് മില്ലര്‍ പറത്തിയ സിക്സ് ബൗണ്ടറിയില്‍ സൂര്യകുമാര്‍ യാദവ് ഓടി പിടിച്ചതായിരുന്നു ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. എന്നാലിവിടെ വിജയം ഉറപ്പിച്ചിടത്തുനിന്നാണ് മില്ലറുടെ അമിത ആത്മവിശ്വാസം കാരണം ഡല്‍ഹി പടിക്കല്‍ കലമുടച്ചത്. ഈ വിജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പോയിന്‍റ് ടേബിളിൽ അക്കൗണ്ട് തുറന്നു. ഇതോടെ ഒരു പോയിന്‍റും നേടാത്ത ഒരേയൊരു ടീമായി സഞ്ജു സാംസണിന്‍റെ ചെന്നൈ സൂപ്പര്‍ കിംഗ്സ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക