പിസിബിയുടെ നാഷണല്‍ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ ബൗളിംഗ് പരിശീലകനായ സഖ്‌ലെയ്ന്‍ മുഷ്താഖ്, മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ് എന്നിവര്‍ താല്‍കാലിക ചുമതല ഏറ്റെടുക്കും. 

ഇസ്ലാമാബാദ്: മിസ്ബ ഉള്‍ ഹഖ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവച്ചു. ടി20 ലോകകപ്പ് ടീമിനുള്ള പാക് ടീം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിസ്ബയുടെ രാജി. അവരുടെ ബൗളിംഗ് പരിശീലകന്‍ വഖാര്‍ യൂനിസും പടിയിറങ്ങി.

2019ലാണ് ഇരുവരും പാക് ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. ഒരു വര്‍ഷം കൂടി ഇരുവര്‍ക്കും കാലാവധിയുണ്ട്. പിസിബിയുടെ നാഷണല്‍ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ ബൗളിംഗ് പരിശീലകനായ സഖ്‌ലെയ്ന്‍ മുഷ്താഖ്, മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ് എന്നിവര്‍ താല്‍കാലിക ചുമതല ഏറ്റെടുക്കും.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇരുവര്‍ക്കുമായിരിക്കും പരിശീലകരുടെ ചുമതല. അതേസമയം, കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് മിസ്ബ വ്യക്തമാക്കി.

എന്നാല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയാണ് ഇരുവരുടേയും രാജിയിലേക്ക് നയിച്ചതെന്നുള്ള സംസാരമുണ്ട്. തങ്ങള്‍ ആവശ്യപ്പെട്ട താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പിസിബി തയ്യാറായില്ലെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു.