ജയിച്ചിരുന്നെങ്കില്‍ ടോപ് ഫോറിലെത്താമായിരുന്ന ചെന്നൈക്ക് ഹൈദരാബാദിനും ഗുജറാത്തിനുമെതിരായ അവസാന രണ്ട് കളികളില്‍ ജയിച്ചാലും മറ്റു ടീമുകളുെ മത്സരഫലം ആശ്രയിച്ചെ പ്ലേ ഓഫ് സാധ്യതയുള്ളു.

ലക്നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 7 വിക്കറ്റിന് തകര്‍ത്ത് ലക്നൗ സൂപ്പര്‍ ജയന്‍റ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സിന്‍റെ വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്‍റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെ മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 16.4 ഓവറില്‍ ലക്നൗ മറികടന്നു. 38 പന്തില്‍ 90 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷ് ആണ് ലക്നൗവിന്‍റെ ടോപ് സ്കോറര്‍. ജോഷ് ഇംഗ്ലിസ് 32 പന്തില്‍ 36 റണ്‍സെടുത്തപ്പോള്‍ നിക്കോളാസ് പുരാനും(17 പന്തില്‍ 32) മുകുള്‍ ചൗധരിയും(10 പന്തില്‍ 13) ചേര്‍ന്ന് ലക്നൗവിനെ വിജയവര കടത്തി. അവസാന നാലോവറില്‍ 24 റണ്‍സായിരുന്നു ലക്നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. അന്‍ഷുല്‍ കാംബോജ് എറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ നാലു പന്തുകളും സിക്സിന് പറത്തി നിക്കോളാസ് പുരാന്‍ ലക്നൗവിന് തകര്‍പ്പൻ ജയം സമ്മാനിച്ചു. നേരത്തെ മിച്ചല്‍ മാര്‍ഷും കാംബോജിനെ തുടര്‍ച്ചയായി നാലു സിക്സുകള്‍ക്ക് പറത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. ജയിച്ചിരുന്നെങ്കില്‍ ടോപ് ഫോറിലെത്താമായിരുന്ന ചെന്നൈക്ക് ഹൈദരാബാദിനും ഗുജറാത്തിനുമെതിരായ അവസാന രണ്ട് കളികളില്‍ ജയിച്ചാലും മറ്റു ടീമുകളുെ മത്സരഫലം ആശ്രയിച്ചെ പ്ലേ ഓഫ് സാധ്യതയുള്ളു. 12 കളികളില്‍ 12 പോയിന്‍റുള്ള ചെന്നൈ നെറ്റ് റണ്‍റേറ്റില്‍ പിന്നിലായി രാജസ്ഥാന് പിന്നില്‍ ആറാം സ്ഥാനത്തേക്ക് വീണപ്പോള്‍ സീസണിലെ നാലാം ജയം നേടിയ ലക്നോ അവസാന സ്ഥാനത്ത് തന്നെയാണ്. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 187-5, ലക്നോ സൂപ്പര്‍ ജയന്‍റ്സ് 16.4 ഓവറില്‍ 188-3.

അടിയുടെ പൊടിപൂരം

Scroll to load tweet…

ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം ലക്നൗവിന് വെല്ലുവിളിയാവുമെന്ന് കരുതിയെങ്കിലും നഷ്ടപ്പെടാനൊന്നുമില്ലാത്ത ലക്നൗവിനായി ഓപ്പണറായി ഇറങ്ങിയ മിച്ചല്‍ മാര്‍ഷ് തകര്‍ത്തടിച്ചു. മുകേഷ് ചൗധരി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 15 റണ്‍സടിച്ച ലക്നൗ ആദ്യ നാലോവറില്‍ 39 റണ്‍സ് മാത്രമാണ് എടുത്തത്. എന്നാല്‍ അന്‍ഷുൽ കാംബോജ് എറിഞ്ഞ അ‍ഞ്ചാം ഓവറിലെ ആദ്യ നാലു പന്തും സിക്സിന് പറത്തിയ മിച്ചല്‍ മാര്‍ഷ് അവസാന പന്ത് ബൗണ്ടറി കടത്തി 28 റണ്‍ടിച്ചതോടെ ചെന്നൈ മറുപടിയില്ലാതെ പതറി. സ്പെന്‍സര്‍ ജോണ്‍സണ്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 19 റണ്‍സ് കൂടി അടിച്ച മിച്ചല്‍ മാര്‍ഷ് 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.

Scroll to load tweet…

പവര്‍ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്നൗ 86 റണ്‍സിലെത്തിയതോടെ ചെന്നൈയുടെ പ്രതീക്ഷയറ്റു. പവര്‍ പ്ലേക്ക് ശേഷവും തകര്‍ത്തടിച്ച മാര്‍ഷ് അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു. 10 ഓവറില്‍ ലക്നൗ 124 റണ്‍സിലെത്തി. ഓപ്പണിംഗ് വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് 135 റണ്‍സടിച്ച ശേഷമാണ് ചെന്നൈക്ക് ആദ്യ പ്രഹരമേല്‍പ്പിക്കാനായത്. പന്ത്രണ്ടാം ഓവറില്‍ ഇംഗ്ലിസിനെ മടക്കിയ മുകേഷ് ചൗധരിയാണ് ചെന്നൈക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് ക്രീസിലെത്തിയ നിക്കോളാസ് പുരാന്‍റെ ആദ്യ ഷോട്ട് തന്നെ മുകേഷ് ചൗധരിയുടെ കൈയില്‍ തട്ടി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റ് ഇളക്കിയതോടെ മിച്ചല്‍ മാര്‍ഷ് നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി. 38 പന്തില്‍ 90 റണ്‍സെടുത്ത മാര്‍ഷ് ഏഴ് സിക്സും 9 ഫോറും പറത്തി. പിന്നാലെ അബ്ദുള്‍ സമദിനെ(3 പന്തില്‍ 7) മടക്കി സ്പെന്‍സർ ജോണ്‍സണ്‍ ചെന്നൈക്ക് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കിയെങ്കിലും നിക്കോളാസ് പുരാനും മുകുള്‍ ചൗധരിയും ചേര്‍ന്ന് ലക്നൗവിനെ വിജയവര കടത്തി. ചെന്നൈക്കായി 2.4 ഓവര്‍ മാത്രമെറിഞ്ഞ അന്‍ഷുല്‍ കാംബോജ് 8 സിക്സ് അടക്കം 63 റണ്‍സ് വഴങ്ങി.

Scroll to load tweet…

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ യുവതാരം കാര്‍ത്തിക് ശര്‍മയുടെ അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തത്. 42 പന്തില്‍ 71 റണ്‍സെടുത്ത കാര്‍ത്തിക് ശര്‍മയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. തകര്‍പ്പന്‍ ഫിനിഷിംഗുമായി ശിവം ദുബെ 16 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഡെവാള്‍ഡ് ബ്രെവിസ് 16 പന്തില്‍ 25 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ 20 പന്തില്‍ 20 റണ്‍സും നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് 9 പന്തില്‍ 13 റണ്‍സുമെടുത്ത് നിരാശപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക