മുംബൈ: ട്രോളിയ ആരാധകന് തകര്‍പ്പന്‍ മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ്. മിതാലിക്ക് തമിഴ് അറിയില്ല, ഇംഗ്ലീഷും തെലുഗുവും ഹിന്ദിയും മാത്രമാണ് സംസാരിക്കാറ് എന്നായിരുന്നു ട്വിറ്ററില്‍ ഒരു ആരാധകന്‍റെ കമന്‍റ്. എന്നാല്‍ തമിഴില്‍ ആരാധകന് ചുട്ട മറുപടി നല്‍കി ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ക്രിക്കറ്റര്‍.

'തമിഴ് എന്‍റെ മാതൃഭാഷയാണ്. തമിഴ് നന്നായി സംസാരിക്കാനറിയാം. തമിഴ്‌നാട്ടുകാരിയായതില്‍ അഭിമാനിക്കുന്നു. എല്ലാറ്റിനേക്കാളുമുപരി ഞാന്‍ അഭിമാനമുള്ള ഇന്ത്യക്കാരിയാണ്. എന്‍റെ എല്ലാ പോസ്റ്റുകളിലുമുള്ള നിങ്ങളുടെ വിമര്‍ശനങ്ങളും എന്തൊക്കെ ചെയ്യണമെന്ന് ദിനംപ്രതിയുള്ള ഉപദേശങ്ങളുമാണ് എന്നെ നയിക്കുന്നത്'- ഇതായിരുന്നു മിതാലിയുടെ മറുപടി. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര വനിതാ ടീം തൂത്തുവാരിയപ്പോള്‍ മിതാലി രാജ് ആയിരുന്നു ക്യാപ്റ്റന്‍. 44 ശരാശരിയില്‍ 88 റണ്‍സാണ് പരമ്പരയില്‍ മിതാലി രാജ് പേരിലാക്കിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ വനിത താരമെന്ന നേട്ടത്തിലുമെത്തി പരമ്പരയോടെ മിതാലി.