Asianet News MalayalamAsianet News Malayalam

IPL 2022 : ഉമ്രാന്‍ മാലിക്കിനെ ടീമിലെടുത്തത് ഗംഭീര തീരുമാനം, പക്ഷേ...; ആശങ്ക പങ്കുവച്ച് മുഹമ്മദ് അസറുദ്ദീന്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ താരത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷാനാണ്. ടെസ്റ്റിലും ഉമ്രാനെ കളിപ്പിക്കണമെന്നാണ് അസറിന്റെ ആവശ്യം.എന്നാല്‍ ഒരു ആശങ്കയും അസര്‍ പങ്കുവെക്കുന്നുണ്ട്.

mohammad azharuddin shares concern over umran malik
Author
Hyderabad, First Published May 23, 2022, 6:12 PM IST

ഹൈദരാബാദ്: ഐപിഎല്ലില്‍ (IPL 2022) സണ്‍റൈസേഴ്‌സ് ഹൈദരബാദിനായി പുറത്തെടുത്ത പ്രകടനത്തിന് പിന്നാലെ ഉമ്രാന്‍ മാലിക്കിനെ (Umran Malik) ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. താരത്തിന്റെ പേസ് തന്നെയായിരുന്നു അതിന്റെ കാരണം. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഉമ്രാനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ താരത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷാനാണ്. ടെസ്റ്റിലും ഉമ്രാനെ കളിപ്പിക്കണമെന്നാണ് അസറിന്റെ ആവശ്യം.എന്നാല്‍ ഒരു ആശങ്കയും അസര്‍ പങ്കുവെക്കുന്നുണ്ട്. വര്‍ക്ക് ലോഡിന്റെ കാര്യമാണ് അസര്‍ പറയുന്നത്. ''ഉമ്രാന്‍ ടെസ്റ്റ് ടീമിലെത്തണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. എന്നാല്‍ ജോലിഭാരമേല്‍ക്കാതെ അവനെ കൈകാര്യം ചെയ്യണം. അതിത് പറ്റിയില്ലെങ്കില്‍ പരിക്കുകള്‍ സംഭവിച്ചേക്കാം. ഒരു പേസര്‍ക്ക് വേണ്ട എല്ലാ പിന്തുണയും താരത്തിന് ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'' അസര്‍ ട്വീറ്റ് ചെയ്തു.

ടീമില്‍ സ്ഥാനം കണ്ടെത്തിയ മറ്റൊരു പേസര്‍ അര്‍ഷദീപ് സിംഗാണ്. ഇത്തവണ ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 10 വിക്കറ്റാണ് താരം വീഴ്ത്തിയത്. എന്നാല്‍ റണ്‍സ് വിട്ടുനല്‍കുന്നതിലെ പിശുക്കാണ് താരത്തെ വേറിട്ടുനിര്‍ത്തുന്നത്. ഡെത്ത് ഓവറുകളില്‍ താരം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നിരുന്നു.

ജൂണ്‍ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20. ഐപിഎല്ലില്‍ മോശം ഫോമില്‍ കളിക്കുന്ന ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. കെ എല്‍ രാഹുല്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്താണ്. ചെന്നൈയുടെ യുവ ഓപ്പണര്‍ റിതുരാജ് ഗെയ്കവാദ് ഓപ്പണറായെത്തും. മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ഇഷാന്‍ കിഷനും ടീമിലുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. അതേസമയം വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് ടീമില്‍ തിരിച്ചെത്തി. 

യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആര്‍ ബിഷ്ണോയ് എന്നിവര്‍ സ്പിന്നാര്‍മാരായി ടീമിലെത്തി. പരിക്കേറ്റ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിച്ചില്ല. യുവതാരം തിലക് വര്‍മ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 

ടി20 ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍,  അര്‍ഷ്ദീപി സിംഗ്, ഉമ്രാന്‍ മാലിക്.

ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

Follow Us:
Download App:
  • android
  • ios