മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ എം എസ് ധോണിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യവുമായി മുന്‍താരം മുഹമ്മദ് കൈഫ്. ആഭ്യന്തര ക്രിക്കറ്റിലോ ഐപിഎല്ലിലൊ കളിച്ച് ഫോം തെളിയിക്കാതെ ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന് മുന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഐപിഎല്‍ നടക്കാന്‍ സാധ്യത ഇല്ലാത്തതിനിലാണ് ധോണിക്ക് ഇനിയൊരു തിരിച്ചുവരവ് ബുദ്ധിമുട്ടാവും. 

ഇതിനിടെയാണ് കൈഫിന്റെ അഭിപ്രായം. അദ്ദേഹം തുടര്‍ന്നു... ''ശരിയാണ് 2019 ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. എങ്കിലും ധോണിയെ വരുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണം. ടീമിനെ സമ്മര്‍ദ്ദത്തില്‍ നിന്ന് വിജയത്തിലേക്ക് പിടിച്ചുയര്‍ത്തുവാന്‍ ശേഷിയുള്ള താരമാണ് എംഎസ് ധോണി. 

മികച്ച ഫിനിഷര്‍മാരിലൊരാളായ ധോണിയെ ടീമിലെത്തിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും. ഒറ്റയ്ക്ക് ടീമിനെ ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ് ധോണി. അങ്ങനെയൊരാളെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ശരിയായ തീരുമാനമാവില്ല. ഇനിയും ക്രിക്കറ്റ് കളിക്കാനുള്ള ബാല്യം അയാള്‍ക്കുണ്ട്. എന്നാല്‍ ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ധോണിയെ ടീമില്‍ എടുക്കരുത്.'' കൈഫ് പറഞ്ഞുനിര്‍ത്തി.