ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡില്‍ കെ എല്‍ രാഹുലിന് പകരം ഇഷാന്‍ കിഷനെ അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു
മുംബൈ: ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ പ്രധാന തലവേദന ഉചിതനായ വിക്കറ്റ് കീപ്പറെ കണ്ടെത്തലാണ്. കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് എപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുക്കും എന്ന് വ്യക്തമല്ല. മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുല്‍ കാലില്‍ ശസ്‌ത്രക്രിയ പൂര്‍ത്തിയായി ഇരിക്കുകയാണ്. മൂന്ന് മുതല്‍ നാല് മാസം വരെയെങ്കിലും താരത്തിന് ഫിറ്റ്‌നസ് പൂര്‍ണതലത്തില്‍ കൈവരിക്കാന്‍ വേണ്ടിവരും എന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ ആരെ ഏഷ്യാ കപ്പിലും ലോകകപ്പിലും വിക്കറ്റ് കീപ്പറാവും എന്നതാണ് അവശേഷിക്കുന്ന ചോദ്യം.
ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ് പറയുന്നത് റിഷഭ് പന്തിന് കളിക്കാനാവാത്ത സാഹചര്യമുണ്ടായാല്‍ 24കാരനായ ഇഷാന്‍ കിഷനെ ഏകദിന ലോകപ്പ് ടീമില്‍ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തണം എന്നാണ്. രാഹുലിനെയും സഞ്ജു സാംസണേക്കാളും ഉചിതനായ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഇഷാന്‍ കിഷന്‍ എന്ന് കൈഫ് പറയുന്നു. ഏകദിന ക്രിക്കറ്റില്‍ 66 ശരാശരിയുള്ള ബാറ്ററാണ് സഞ്ജു. ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ 53 ശരാശരിയിലും 99 സ്‌ട്രൈക്ക് റേറ്റുമുണ്ട് കെ എല്‍ രാഹുലിന്. രാഹുലിന് ഇന്ത്യന്‍ ടീമില്‍ ഏറെ അവസരങ്ങള്‍ ലഭിച്ചപ്പോള്‍ ടീമില്‍ വന്നുംപോയും ഇരുന്ന താരമാണ് സഞ്ജു സാംസണ്‍.
'ഇഷാന്‍ കിഷനാണ് ഏകദിന ലോകകപ്പില്‍ വിക്കറ്റ് കീപ്പറായി വരേണ്ടത്, അദേഹം നന്നായി വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിയുന്നുമുണ്ട്' എന്നാണ് സ്റ്റാര്‍ സ്പോര്‍ട്‌സിനോട് മുഹമ്മദ് കൈഫിന്‍റെ വാക്കുകള്‍. എന്നാല്‍ ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ ശേഷം 5, 8*, 17 എന്നിങ്ങനെയായിരുന്നു ഇഷാന്‍ കിഷന്‍റെ സ്കോറുകള്‍. അതിനാല്‍ ഐപിഎല്ലില്‍ തിളങ്ങുന്ന ജിതേഷ് ശര്‍മ്മ, സഞ്ജു സാംസണ്‍ എന്നിവരെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള ഓപ്‌ഷന്‍ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലുണ്ട്. ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡില്‍ കെ എല്‍ രാഹുലിന് പകരം ഇഷാന്‍ കിഷനെ അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു. കെ എസ് ഭരതാണ് ടെസ്റ്റ് ടീമില്‍ ഇപ്പോള്‍ പ്രധാന വിക്കറ്റ് കീപ്പര്‍.

