മൂന്ന് ഓള്‍റൗണ്ടര്‍മാരുടെ അഭാവം ടീമിനെ ബാധിക്കുമെന്നും കൈഫ്.

ദില്ലി: 2024 ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ ഉപയോഗിച്ച വിജയതന്ത്രം ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് നഷ്ടമാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ മുഹമ്മദ് കൈഫ്. സെപ്റ്റംബര്‍ 10 ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കിരീടം നിലനിര്‍ത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യ ടി20 ലോകകപ്പ് ജേതാക്കളായ ടീമില്‍ മൂന്ന് ഓള്‍റൗണ്ടര്‍മാര്‍ ഉണ്ടായിരുന്നതായും അത് അവരുടെ ബാറ്റിംഗിന് ആഴം കൂട്ടുകയും ബൗളിംഗിനെ ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് കൈഫ് ചൂണ്ടിക്കാട്ടി.

ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നീ രണ്ട് ഓള്‍റൗണ്ടര്‍മാര്‍ മാത്രമുള്ളതുകൊണ്ട് ഇന്ത്യക്ക് പുതിയൊരു വിജയ കൂട്ടുകെട്ട് കണ്ടെത്തേണ്ടതുണ്ടെന്നാണ് കൈഫിന്റെ പക്ഷം. അദ്ദേഹത്തിന്റെ വാക്കുകള്‍... ''രോഹിത്തിന്റെ ടീം ടി20 ലോകകപ്പ് നേടിയത് മൂന്ന് ഓള്‍റൗണ്ടര്‍മാരുമായിട്ടാണ്. അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഉണ്ടായിരുന്നത്. ആറ് ബൗളിംഗ് ഓപ്ഷനുകള്‍ ഇന്ത്യക്ക് ലഭിക്കുമായിരുന്നു. എട്ട് വരെ സ്ഥാനക്കാര്‍ ബാറ്റും ചെയ്യും. ഏഷ്യാ കപ്പില്‍, രണ്ട് യഥാര്‍ത്ഥ ഓള്‍റൗണ്ടര്‍മാര്‍ മാത്രമാണുള്ളത്. ഇന്ത്യയ്ക്ക് പുതിയൊരു വിജയ കൂട്ടുകെട്ട് കണ്ടെത്തേണ്ടിവരും. വാഷിംഗ്ടണ്‍ സുന്ദറിനെ മിസ് ചെയ്യും.'' കൈഫ് തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചിട്ടു.

നേരത്തെ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് കൈഫ് വ്യക്തമാക്കിയിരുന്നു. കൈഫിന്റെ വാക്കുകള്‍... ''തിലക് വര്‍മയെ മാറ്റിനിര്‍ത്തി സഞ്ജുവിനെ വണ്‍ ഡൗണായി പരിഗണിക്കണം. മധ്യ ഓവറുകളില്‍ റാഷിദ് ഖാനെ പോലെയുള്ള സ്പിന്നര്‍മാരെ തുടര്‍ച്ചയായി സിക്സര്‍ പറത്താന്‍ സഞ്ജു ടീമിലുണ്ടാകണം. ബാറ്റിങ്ങിന് ഏറ്റവും ബുദ്ധിമുട്ടുള്ള ദക്ഷിണാഫ്രിക്കയില്‍ രണ്ട് സെഞ്ചറികള്‍ അടിച്ച താരമാണ് സഞ്ജു. പേസും സ്പിന്നും നന്നായി കളിക്കാന്‍ സഞ്ജുവിന് അറിയാം.'' കൈഫ് വ്യക്തമാക്കി.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്

സ്റ്റാന്‍ഡ് ബൈ കളിക്കാര്‍: യശസ്വി ജയ്സ്വാള്‍, പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍.


YouTube video player